“യേശുവിനെ നിഷേധിക്കുന്നതിനേക്കാള്‍ തൂക്കുമരണമാണ് എനിക്കിഷ്ടം”: വ്യാജ മതനിന്ദ കേസില്‍ 8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്ക് വനിത

Jun 11, 2022 - 02:37
 0

എന്തൊക്കെ ഭീഷണികളും, പീഡനങ്ങളും നേരിടേണ്ടി വന്നാല്‍പ്പോലും യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വ്യാജമതനിന്ദയുടെ പേരില്‍ 8 വര്‍ഷങ്ങളായി വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ ശേഷം ഭര്‍ത്താവിനൊപ്പം ജയില്‍ മോചിതയായ പാക്കിസ്ഥാനി ക്രൈസ്തവ വനിത ഷാഗുഫ്ത കോസര്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് നീഡ്‌’ (എ.സി.എന്‍) ന് നല്‍കിയ അഭിമുഖത്തിലാണ് ഷാഗുഫ്ത ഇക്കാര്യം പറഞ്ഞത്. മുഹമ്മദ്‌ നബിയെ കുറിച്ച് അപകീര്‍ത്തിപരമായ ടെക്സ്റ്റ് മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് 2013-ല്‍ ഷാഗുഫ്തയും ഭര്‍ത്താവ് ഷഫ്കാത്ത് മാസിയും ജയിലിലാകുന്നത്. ജയിലില്‍ വെച്ച് തങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും, കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിന്നെന്നും ഷാഗുഫ്ത പറഞ്ഞു.

ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടത്തി വധശിക്ഷ വിധിക്കുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ 8 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നുവെന്നും ഷാഗുഫ്ത ചൂണ്ടിക്കാട്ടി. തങ്ങളുടെ അഭിഭാഷകനെ വാദം പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചില്ല, തങ്ങള്‍ക്ക് പറയുവാനുള്ളത് പോലും കേട്ടില്ല, പ്രസ്താവം കേട്ടപ്പോള്‍ താന്‍ ബോധരഹിതയായെന്നും ഷാഗുഫ്ത പറഞ്ഞു. തങ്ങളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും അവര്‍ വെളിപ്പെടുത്തി. “ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുമെന്നും കുറച്ചു കാലം കഴിയുമ്പോള്‍ മോചിപ്പിക്കുമെന്നും നിരവധി പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. 'പറ്റില്ല' എന്ന് തന്നെയായിരുന്നു എപ്പോഴും എന്റെ മറുപടി. ഉത്ഥിതനായ കര്‍ത്താവായ ക്രിസ്തുവാണ്‌ എന്റെ ജീവനും രക്ഷകനും” ഷാഗുഫ്ത പറയുന്നു.

കഴിഞ്ഞ വര്‍ഷം മോചിതരായെങ്കിലും തനിക്കും തന്റെ ഭര്‍ത്താവിനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും പാക്കിസ്ഥാനില്‍ കഴിയുവാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും, അവിടെ കഴിഞ്ഞാല്‍ തങ്ങളെ മതഭ്രാന്തന്‍മാര്‍ കൊലപ്പെടുത്തുമെന്നും ഷാഗുഫ്ത പറയുന്നു. “പാപിയായ എനിക്ക് വേണ്ടിയാണ് യേശുക്രിസ്തു തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്. ഞാന്‍ ഒരിക്കലും എന്റെ മതം മാറില്ല. യേശുവിനെ നിഷേധിക്കുന്നതിന് പകരം തൂക്കുമരണമാണ് എനിക്കിഷ്ടം” എന്ന് പറഞ്ഞുകൊണ്ടാണ് ഷാഗുഫ്ത തന്റെ വാക്കുകള്‍ ചുരുക്കിയത്.

പാക്കിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യ സ്ത്രീ എന്ന പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞ ആസിയ ബീബിയുടെ അയല്‍ക്കാരിയാണ് ഷാഗുഫ്ത. ഇംഗ്ലീഷ് ഭാഷ അറിയാത്ത ഷാഗുഫ്തയും, ഭര്‍ത്താവും ഇംഗ്ലീഷ് ഭാഷയില്‍ അയക്കപ്പെട്ട ടെക്സ്റ്റ് മെസേജിന്റെ പേരിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലായത്. എട്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടത്. ഒട്ടും വൈകാതെ തന്നെ പ്രാണരക്ഷാര്‍ത്ഥം സന്നദ്ധ സംഘടനകള്‍ ഇവരെ വിദേശത്തേക്ക് മാറ്റി. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗോജ്റ സ്വദേശികളാണ് ദമ്പതികള്‍. 2009-ല്‍ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ഗോജ്റയിലെ എഴുപത്തിയേഴോളം ക്രിസ്ത്യന്‍ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0