ലബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 492 പേര്‍ കൊല്ലപ്പെട്ടു; യുദ്ധപ്രഖ്യാപനവുമായി ഇസ്രയേല്‍
ലബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഇതില്‍ 492 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ നടക്കുന്നത്. 1300 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അനുമതി ലഭിച്ചതായും സൈന്യം വ്യക്തമാക്കി. അതേസമയം വടക്കന്‍ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി.
ഒക്ടോബര്‍ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ തങ്ങളുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. സാബത്ത് ആക്രമണം (ഹമാസ് ഇസ്രയേലില്‍ നടത്തിയത്) പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്ബുള്ളയും രംഗത്തുവന്നിരുന്നു. അതിന്റെ ഭാഗമായി നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് ജൂത രാഷ്ട്രത്തിന്റെ വടക്കന്‍ മേഖലകളില്‍നിന്ന് കുടിയിറങ്ങിയത്.
ഇവരെ തിരികെ സുരക്ഷിരായി വീടുകളിലെത്തിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ നിലവിലെ ലെബനന്‍ ആക്രമണം. പേജര്‍-വോക്കിടോക്കി ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേല്‍ തിങ്കളാഴ്ച്ച വൈകിട്ട് മുതല്‍ രൂക്ഷമായ ആക്രമണം നടത്തിയത്.