ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തു; 20 വര്‍ഷത്തിന് ശേഷം ഇസ്രയേലി ടാങ്കുകള്‍ വെസ്റ്റ് ബാങ്കില്‍; ഏതുനീക്കത്തെയും പിന്തുണയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Feb 24, 2025 - 14:40
 0
ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തു; 20 വര്‍ഷത്തിന് ശേഷം ഇസ്രയേലി ടാങ്കുകള്‍ വെസ്റ്റ് ബാങ്കില്‍; ഏതുനീക്കത്തെയും പിന്തുണയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇസ്രയേലി ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് വെസ്റ്റ് ബാങ്കിലേക്ക് ടാങ്കുകള്‍ അയച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെസ്റ്റ് ബാങ്കില്‍ ആഴ്ചകള്‍ നീണ്ട ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം വരെ ഇവിടെ സൈന്യത്തെ നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചു.

വെസ്റ്റ് ബാങ്കിലെ ചില അഭയാര്‍ഥി ക്യാമ്പുകളില്‍ തുടരുന്നതിന് തയാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. 40,000 ഫലസ്തീനികള്‍ പലായനം ചെയ്ത പ്രദേശമാണിത്. ക്യാമ്പുകളില്‍നിന്ന് ഒഴിഞ്ഞുപോയ ഫലസ്തീനികള്‍ തിരികെയെത്താന്‍ അനുവദിക്കരുതെന്ന് സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. 20 വര്‍ഷത്തിന് ശേഷമാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ടാങ്കുകള്‍ എത്തുന്നത്.

ഹമാസിനെതിരേ ഇസ്രയേല്‍ എന്ത് നടപടി സ്വീകരിച്ചാലും അതിനെ പിന്തുണക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ കാര്യത്തില്‍ ഉറപ്പുകിട്ടുംവരെ തടവുകാരുടെ മോചനം വൈകിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബന്ദികളെ വേദികെട്ടി, ആള്‍ക്കൂട്ടത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച് കൈമാറരുതെന്ന ഇസ്രയേലിന്റെ നിബന്ധന പാലിക്കുമെന്ന ഉറപ്പും ഹമാസ് നല്‍കണം. അതേസമയം, ഇസ്രയേല്‍ തടവുകാരെ വിട്ടയക്കാത്തത് വെടിനിര്‍ത്തല്‍ അപകടത്തിലാക്കുമെന്ന് ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫ് അല്‍ ഖനൂ പ്രതികരിച്ചു.