പ്രളയക്കെടുതിക്ക് അറുതിയില്ല; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍; ജലനിരപ്പ് ഉയരുന്നു* തെക്കൻ കേരളത്തിൽ മഴക്ക് നേരിയ ശമനം

സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് കുറവുണ്ടെങ്കിലും എല്ലായിടത്തും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലയിലാണ്

Aug 18, 2018 - 00:56
 0

സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് കുറവുണ്ടെങ്കിലും എല്ലായിടത്തും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലയിലാണ് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. നിരവധിയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനു പേരാണ്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും ഫയര്‍ഫോഴ്‌സും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനത്ത് മിക്കവാറും ഇടങ്ങളില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. പലയിടത്തും വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങളും ലഭ്യമല്ല.

എന്‍ഡിആര്‍എഫിന്റെ വ്യോമ നാവിക സേനകള്‍ പത്തനംതിട്ട, എറണാകുളം മേഖലകളില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കുന്നുണ്ട്. ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ. 2402.20 അടിയായി. ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പ് 2403 അടിയാണ്. പത്തനംതിട്ടയില്‍ ഇന്നലെ അയ്യായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു. ഇപ്പോഴും നൂറുകണക്കിനു പേര്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ആലുവ മേഖലയില്‍ മഴ തുടരുന്നുണ്ട്. ഏലൂക്കര മുസ്ലീം പള്ളിക്കു മുകളില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഈ പ്രദേശത്തെ പല വീടുകള്‍ക്കും മുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇപ്പോള്‍ മത്സ്യത്തൊഴിലാളികളടക്കളും സൈന്യവും പോലീസ്, ഫയര്‍ഫോഴ്‌സും അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ രക്ഷപ്പെടുത്തിത്തുടങ്ങി. പറവൂര്‍ കവല ഭാഗത്ത് ഇപ്പോഴും നദിയില്‍നിന്ന് വെള്ളം പ്രവഹിച്ചു കാണ്ടിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആലുവ മേഖലകളില്‍ അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തൃശ്ശൂരിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ വെള്ളം കയറിയിരിക്കുന്നത്. ചാലക്കുടി നഗരത്തിലെ കെട്ടിടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കുണ്ടൂരിലെ അയ്യായിരത്തോളം പേര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറുന്നതായി റിപ്പോര്‍ട്ടുണ്ട്. മുരിങ്ങൂര്‍ പാലത്തില്‍ വെള്ളം കയറി അന്‍പത് പോലീസുകാരുള്ള വാന്‍ കുടുങ്ങിക്കിടക്കുന്നു. പാലിയേക്കര ടോള്‍ പ്ലാസയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

പന്തളം നഗരത്തില്‍ പുലര്‍ച്ചയോടെ പെട്ടെന്ന് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. പലരും വീടുകളില്‍ അകപ്പെട്ടിരിക്കുകയാണ്. കടകള്‍ തുറക്കാനാകുന്നില്ല. റോഡുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്. മലബാര്‍ മേഖലയില്‍ പൊതുവെ മഴ കുറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

പുഴകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഡാമുകളെല്ലാം തുറന്നിരിക്കുന്നതിനാല്‍ ജലപ്രവാഹത്തിന് കുറവില്ല. മലപ്പുറത്ത് 2000ല്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഭാരതപ്പുഴയിലും ചാലിയാറിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പട്ടണങ്ങള്‍ ഒറ്റപ്പെട്ടു. മലപ്പുറത്തുനിന്ന് പുറത്തേക്കുള്ള വഴികള്‍ വെള്ളം കയറി. മഴ മാറിനില്‍ക്കുന്നതിനാല്‍ മലവെള്ളപ്പാച്ചിലിന് ശമനമുണ്ട്. ഭാരതപ്പുഴ മൂന്ന് കിലോമീറ്ററോളം ഇരുവശത്തേക്കും കയറിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വൈകുന്നേരം മുതല്‍ മഴ കുറഞ്ഞിരിക്കുകയാണ്.

ഭാരതപ്പുഴ, ചിറ്റൂര്‍ പുഴ, ഗായത്രിപുഴ എന്നീ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മലമ്പുഴ അണക്കെട്ടില്‍ നാല് അടി ഉയര്‍ത്തിയിരിക്കുകയാണ്. അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നുണ്ട്. ഗ്രമങ്ങള്‍ പലതു ഒറ്റപ്പെട്ടിരിക്കുകയാണ്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0