കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന എസി ലോഫ്ലോർ ബസ് നിമിഷങ്ങൾക്കകം തീഗോളമായി

Oct 29, 2024 - 09:44
Oct 30, 2024 - 21:08
 0
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന എസി ലോഫ്ലോർ ബസ് നിമിഷങ്ങൾക്കകം തീഗോളമായി

ഓടിക്കൊണ്ടിരുന്ന കെയുആർടിസി എസി ലോഫ്ലോർ ബസിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. തൊടുപുഴയ്ക്ക് പോകാനുള്ള ബസ് എറണാകുളം സ്റ്റാൻഡിൽനിന്ന് ചിറ്റൂർ റോഡ് വഴി എംജി റോഡിലേക്ക് കടക്കുന്നതിനു മുൻപായിരുന്നു തീപിടിത്തം.

ചിറ്റൂർ റോഡിൽ ഇയ്യാട്ടുമുക്ക് ജംഗ്ഷനിലേക്ക് എത്തിയതോടെ ബസിന്റെ എൻജിൻ പെട്ടെന്ന് ഓഫാവുകയും ഫയർ അലാം അടിക്കുകയും ചെയ്തു.

ഡ്രൈവറും കണ്ടക്ടറും അടക്കം 28 പേരാണ് ബസിൽ ഉണ്ടായിരുന്നത്. തീ ബസിന്റെ പിൻഭാഗത്ത് ആളിപ്പടർന്നു തുടങ്ങിയപ്പോഴേക്കും മുഴുവൻ യാത്രികരേയും പുറത്തെത്തിക്കാനായതാണ് ആളപായമൊഴിവാകാൻ സഹായമായത്. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ തൊടുപുഴയ്ക്ക് വിട്ടു.

സമീപത്തുണ്ടായിരുന്ന കടകളിലെ ചിലർക്ക് പുകയും മറ്റുമേറ്റ് ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ബസിന്റെ പിന്‍ഭാഗത്തുനിന്ന് ആദ്യം പുകയുയരുകയും പിന്നാലെ കത്തിത്തുടങ്ങി തീഗോളമായി മാറുകയുമായിരുന്നു. തീ ആളിപ്പടരുന്നത് തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കടവന്ത്രയിൽനിന്നു രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലായിരുന്നു തീ നിയന്ത്രണവിധേയമായത്. വാഹനത്തിന്റെ ഇന്ധന ടാങ്ക് ബസിന്റെ വശത്തുണ്ട്. എൻജിന്‍ പിൻഭാഗത്തുമാണ്. എന്നാൽ ഇവ വലിയൊരു പൊട്ടിത്തെറിയിലേക്ക് പോകുന്നതിനു മുൻപു തീയണയ്ക്കാൻ സാധിച്ചു.

തീപിടിത്തത്തിൽ ബസിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. ഷോർട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന് 4-5 വ‍ർഷം മാത്രം പഴക്കമേ ഉള്ളൂ എന്നും കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യുന്ന ബസാണെന്നും ബസ് ജീവനക്കാർ പറയുന്നു. ഇന്നു മൂന്നു ട്രിപ് നടത്തിയ ശേഷം നാലാമത്തെ ട്രിപ്പിലാണ് അപകടമുണ്ടായത്.