വയനാട് ഇരട്ടത്തുരങ്ക പാതയ്ക്ക് കൊങ്കൺ റെയിൽവേ ടെണ്ടര്‍ ക്ഷണിച്ചു

Dec 3, 2023 - 19:08
 0
വയനാട് ഇരട്ടത്തുരങ്ക പാതയ്ക്ക് കൊങ്കൺ റെയിൽവേ ടെണ്ടര്‍ ക്ഷണിച്ചു

മലബാറിലെ ഗതാഗതത്തെ മാറ്റിമറിക്കാൻ പോകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 1736.45 കോടി രൂപയുടെ രണ്ട് പാക്കേജായാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്ന് താമരശേരി ചുരം കയറാതെ വയനാട് എത്താന്‍ കഴിയുന്ന തുരങ്കപാതയാണിത്.

മലബാറുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് കൂടിയാണ് തുരങ്കപാത പൂര്‍ത്തിയാകുന്നതോട് കൂടി അവസാനിക്കാന്‍ പോകുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്നും ആരംഭിച്ചു വയനാട്ടിലെ മേപ്പാടിയിലാണ് പാത അവസാനിക്കുക. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തുരങ്കപാതയ്ക്ക് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. തുരങ്കപാത പദ്ധതിയുടെ സാങ്കേതികപഠനം മുതല്‍ നിര്‍മാണം വരെയുള്ള പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

തുരങ്കനിര്‍മാണത്തിനും അനുബന്ധപ്രവൃത്തികള്‍ക്കുമായി 1643.33 കോടി രൂപയ്ക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്. 2024 ഫെബ്രുവരി 23-ആണ് അവസാന തീയതി. 4 വര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. 10 മീറ്റര്‍ വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്.

തുരങ്കത്തിലേക്കുള്ള 2 പാലങ്ങളുടെ നിര്‍മാണത്തിന്  93.12 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെയാണ് പാലങ്ങള്‍ നിര്‍മിക്കുക. രണ്ടുവര്‍ഷമാണ് നിര്‍മാണ കാലാവധി. ജനുവരി 19 ആണ് അവസാന തീയതി.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിനടുത്ത് മറിപ്പുഴ വില്ലേജില്‍ നിന്ന് തുടങ്ങി മേപ്പാടി പഞ്ചായത്തിലെ കള്ളാടിവരെയാണ്  തുരങ്കപാത. കള്ളാടിയില്‍ 250 മീറ്റര്‍ നീളത്തില്‍ റോഡും മറിപ്പുഴ ഭാഗത്ത് 750 മീറ്റര്‍ പാലവും ഇതിനായി നിര്‍മ്മിക്കണം. കള്ളാടിവരെയും മറിപ്പുഴവരെയും നിലവില്‍ റോഡുണ്ട്.

വടക്കൻ കേരളത്തിനാകെയും കോഴിക്കോട്- വയനാട് ജില്ലകൾക്ക് പ്രത്യേകിച്ചും ഉപകാരപ്രദമാവുന്ന പദ്ധതിയാകുമിത്. ടൂറിസം മേഖലയ്ക്കും വളരെയേറെ സഹായകരമാകും. തുരങ്ക പാതയായതിനാൽ വനമേഖല നശിപ്പിക്കപ്പെടുമെന്ന ആശങ്കയും ഇല്ല എന്നാണ് വിലയിരുത്തൽ

 

ഉത്തരകാശിയിലെ സില്‍കാര തുരങ്കത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷാമുന്‍കരുതലുകളും സ്വീകരിച്ച് മാത്രമായിരിക്കും തുടര്‍നടപടികളെന്ന്  അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചിലും മറ്റും പ്രതിരോധിക്കുംവിധം സുരക്ഷിതമായിട്ടാവും തുരങ്കപാതയുടെ നിര്‍മാണം.