നവകേരള സദസിന് തുടക്കം: ഉദ്ഘാടനം കാസർഗോഡ് മഞ്ചേശ്വരം പൈവളിഗെയിൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നടത്തുന്ന നവകേരള സദസിന് ഇന്ന് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് തുടക്കം. വൈകിട്ട് 3.30ന് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടിയുടെ സമാപനം.
സർക്കാർ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേട്ടവും സർക്കാറും ഇടതുമുന്നണിയും ലക്ഷ്യമിടുന്നുണ്ട്. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂർത്താണെന്നും ആരോപിച്ച് യുഡിഎഫ് നവകേരള സദസ് ബഹിഷ്കരിക്കും.
നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. 1.05 കോടി രൂപ ചെലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബെൻസ് ബസിലായിരിക്കും യാത്ര. ബംഗളൂരുവിൽനിന്ന് പുറപ്പെട്ട ബസ് കാസർഗോഡ് എത്തിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭാ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളിൽ നടക്കും. നവംബർ 22ന് തലശ്ശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മന്ത്രിസഭ യോഗങ്ങൾ.