വിഡിയോ കോള്‍ ചെയ്ത ശേഷം ഭീഷണി; ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് 15 ലക്ഷം നഷ്ടം

Aug 8, 2024 - 09:52
 0
വിഡിയോ കോള്‍ ചെയ്ത ശേഷം ഭീഷണി; ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് 15 ലക്ഷം നഷ്ടം

യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കൈയില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ 15 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ പ്രതിയാണെന്ന് കാട്ടി സിബിഐയില്‍ നിന്നെന്ന വ്യാജേന വിളിച്ചാണ് മാര്‍ കൂറിലോസിന്റെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചത്.

സിബിഐയില്‍ നിന്നാണെന്നു പറഞ്ഞു കഴിഞ്ഞ ദിവസം മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അദേഹം കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് സൈബര്‍ സെല്ലിലും നല്‍കിയ പരാതിയില്‍ പറയുന്നു.

മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍നിന്നു വിളിച്ചു ഭീഷണിമുഴക്കി. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.

കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്ക് 15,01,186 രൂപ അയച്ചെന്നും വൈദികന്‍ പറയുന്നു.