ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി:രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം
ദളിത് ക്രൈസ്തവരെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ രംഗനാഥ മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് കേന്ദസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം പഠിക്കുന്നതിനായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പുതിയൊരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തു,ഷാര്‍ മേത്ത കോടതിയെ അറിയിച്ചു.മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന രംഗനാഥമിശ്ര കമ്മീഷന്‍ 2007 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങളെയും പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തണമെന്നു ശുപാര്‍ശ ചെയ്തിരുന്നു.
വിഷയം ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മറ്റൊരു കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ച കാര്യം ചൂണ്ടിക്കാട്ടി.വിഷയം പഠിക്കാന്‍ 2 വര്‍ഷത്തെ സമയമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കമ്മീഷന് വിഷയം പരിശോധിക്കാന്‍ ഇത്രയധികം സമയം വേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ അടുത്തിടെ രൂപീകരിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ കോടതി കാത്തിരിക്കണോ അതോ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തീരുമാനം എടുക്കണോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എ എസ് ഓക എന്നിവരുടെ ബഞ്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒരാള്‍ ക്രൈസ്തവ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതോടെ അയാള്‍ അനുഭവിച്ചിരുന്ന സാമൂഹിക അസമത്വം ഇല്ലാതാകുകയാണെന്നു സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. പട്ടിക ജാതി സമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക് പല സാമൂഹിക പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ടാകാം.
എന്നാല്‍, ക്രൈസ്തവ മതം സ്വീകരിച്ച് പേരും മാറ്റിക്കഴിഞ്ഞാല്‍ അതുവരെ അനുഭവിച്ചിരുന്ന വിവേചനം ഇല്ലാതാകും എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണം. കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.