പെരുമഴയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രികളിൽ വെള്ളം കയറി, വെള്ളക്കെട്ട് രൂക്ഷം

May 23, 2024 - 10:01
 0

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പല ജില്ലകളിലും ദുരിതം വര്‍ധിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലുള്‍പ്പടെ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലുള്ള വാര്‍ഡുകളിലാണ് വെള്ളം കയറിയത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. വെള്ളം കയറിയതോടെ വാര്‍ഡുകളിലെ കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.

തൃശൂരിലെ അശ്വിനി ആശുപത്രിയിലും വെള്ളം കയറി. കാഷ്വാലിറ്റി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് വെള്ളം കയറിയത്. ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. 2018ല്‍ പോലും ഇത്രയും വെള്ളം ആശുപത്രിയില്‍ കയറിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

 കൊച്ചിയില്‍ കടവന്ത്ര,  എംജി റോഡ്,സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ കടകളില്‍ വെള്ളം കയറി. കളമശേരി മൂലേപാടത്തും ഇടക്കൊച്ചിയിലും വീടുകളില്‍ വെള്ളം കയറി. ഇന്‍ഫോപാര്‍ക്കിലെ പാര്‍ക്കിങ് ഏര്യയില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മുങ്ങി.

കനത്ത മഴയില്‍ സംസ്ഥാനത്തെ ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്നതിനാല്‍, കണ്ണൂര്‍ കീഴല്ലൂര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. പിണറായി പാറപ്രം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറക്കും. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0