ഛത്തീസ്ഗഡിൽ ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അക്രമത്തിൽ കർശന നടപടി വേണം: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

Dec 31, 2022 - 18:19
Jan 4, 2023 - 16:04
 0
ഛത്തീസ്ഗഡിൽ ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അക്രമത്തിൽ കർശന നടപടി വേണം: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ഛത്തീസ്ഗഡിൽ ക്രൈസ്തവ ആദിവാസി സമൂഹത്തിനെതിരേയുള്ള അക്രമത്തിൽ കർശന നടപടി വേണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രൈസ്തവരായ ആദിവാസികളെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിന് സംഘടിതശ്രമം നടക്കുന്നതായും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ വസ്തുതാന്വേഷണ സംഘം വ്യക്തമാക്കി. മറ്റു സമുദായങ്ങളെപ്പോലെ ആദിവാസി സമൂഹത്തിനും സ്വന്തം മതം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഭരണഘടന അനുവദിക്കുന്ന സാഹചര്യത്തിൽ ആദിവാസി സമൂഹത്തിനുനേരേ നടക്കുന്ന അക്രമം നിയമവിരുദ്ധമാണ്.

ഛത്തീസ്ഗഡിലെ നാരായൺപുർ, കൊണ്ടഗാവ് ജില്ലകളിലെ ഗ്രാമങ്ങളിൽ ഡിസംബർ ഒൻപത് മുതൽ നടന്ന ആക്രമണങ്ങളിൽ 1,000 ക്രൈസ്തവ ആദിവാസികളെങ്കിലും അക്രമം നേരിട്ടതായാണ് വസ്തുതാ ന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. അക്രമം നടന്ന ഗ്രാമങ്ങളും അക്രമം നേരിട്ടവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഗ്രാമമുഖ്യന്മാർ, ക്രൈസ്തവരല്ലാത്ത പ്രദേശവാസികൾ എന്നിവരിൽ നിന്ന് വസ്തുതാന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു അക്രമികളുടെ ഭീഷണി.

പരിവർത്തനത്തിനു തയാറാകാത്തവർ മരിക്കുന്നതിനോ ഗ്രാമം ഉപേക്ഷിച്ചു പോകുന്നതിനോ തയാറാകണമെന്നും അക്രമികൾ ഭീഷണിപ്പെടുത്തി. ഗ്രാമവാസികൾ പോലീസിനെ സമീപിച്ചുവെങ്കിലും പരാതി രജിസ്റ്റർ ചെയ്യാനോ നടപടി സ്വീകരിക്കാനോ പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറായില്ല. അക്രമികൾ പ്രചരിപ്പിക്കുന്ന വാദങ്ങൾ കണക്കിലെടുത്ത് അക്രമത്തിനിരയായവരോട് ഉദ്യോഗസ്ഥർ തണുപ്പൻ നയമാണ് സ്വീകരിക്കുന്നതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി.

സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്കുലറിസം ഡയറക്ടർ ഇർഫാൻ എൻജിനിയർ, റാഞ്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വർമ, ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ഛത്തീസ്ഗഡ് കൺവീനർ ബ്രിജേന്ദ്ര തിവാരി, നിക്കോളാസ് ബർള (സിബിസിഐ ന്യൂഡൽഹി) തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി ഛത്തീസ്ഡിലെത്തിയത്.