അറബ് രാജ്യങ്ങളെ ഏബ്രഹാം ഉടമ്പടിയില്‍ കൊണ്ടുവരും; പ്രധാനമന്ത്രിയായ ശേഷം ബെഞ്ചമിന്‍ നെതന്യാഹു; ആശങ്ക പ്രകടിപ്പിച്ച് പലസ്തീന്‍
കൂടുതല്‍ അറബ് രാജ്യങ്ങളെ ഏബ്രഹാം ഉടമ്പടിയില്‍ കൊണ്ടുവരികയും ഇറാന്‍ ആണവരാജ്യമാകുന്നത് തടയുകയുമാണ് ഇസ്രയേലിന്റെ അടിയന്തര ലഷ്യമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു (73). രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെയെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുകയും ആദ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയിരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ആറാം തവണയാണ് മന്ത്രിസഭ ഉണ്ടാവുന്നത്. 19961999 കാലയളവിലും 2009 മുതല്‍ 2021 വരെയുമാണ് അദ്ദേഹം പ്രധാനമന്ത്രിയായിട്ടുള്ളത്. 120 അംഗ പാര്‍ലമെന്റില്‍ 64 പേരുടെ പിന്തുണ നെതന്യാഹുവിനുണ്ട്. അദ്ദേഹത്തിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്കു പുറമേ തീവ്ര വലതുപക്ഷ നിലപാടുള്ള ദേശീയ, മത പാര്‍ട്ടികളാണ് മന്ത്രിസഭയെ പിന്തുണയ്ക്കുന്നത്.
നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തിയതില്‍ പലസ്തീന്‍ ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് അധികാരമേല്‍ക്കുന്നതിന് ഒരുദിവസം മുമ്പ് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ, തീവ്ര ദേശീയ പാര്‍ട്ടികളുമായി സഖ്യം സ്ഥാപിച്ചാണ് അദ്ദേഹം ഭരണത്തിലേറുന്നത്. നേരത്തെ നെതന്യാഹു ഭരിച്ചപ്പോള്‍ പലസ്തീനിലേക്ക് സൈനിക നീക്കം നടത്തിയിരുന്നു.