വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി; കേസ് റദ്ദാക്കി

Nov 12, 2024 - 22:27
 0

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി വിധി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോർഡിൻ്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെയാണ് കേസ് എടുത്തത്.

വിഷയത്തിൽ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി. കലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് കോടതി റദ്ദാക്കിയത്. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡിൻ്റെ പരാതിയിൽ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ കേസെടുക്കുന്നത്. 1999 ൽ പ്രവർത്തനമാരംഭിച്ച പോസ്റ്റ് ഓഫീസ് വഖഫ് ഭൂമിയിലാണെന്നാണ് കേസ്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.

ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ ഹൈക്കോടതിയിലെത്തിയത്. 2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ, നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി. 2023 ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിൻ്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0