കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിച്ചു, ഒരു ഗ്രൂപ്പിൽ 1024 അംഗങ്ങൾ, വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് വാട്സാപ്
പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിലുള്ളവർക്കും കമ്മ്യൂണിറ്റി ഫീച്ചർ ഉപയോഗിക്കാം. കമ്മ്യൂണിറ്റി ഫീച്ചറിന് പുറമേ മറ്റു ചിലതും വാട്സാപ് അവതരിപ്പിച്ചു.
പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിലുള്ളവർക്കും കമ്മ്യൂണിറ്റി ഫീച്ചർ ഉപയോഗിക്കാം. കമ്മ്യൂണിറ്റി ഫീച്ചറിന് പുറമേ മറ്റു ചിലതും വാട്സാപ് അവതരിപ്പിച്ചു. ഗ്രൂപ്പ് ചാറ്റിൽ തന്നെ പോൾ ( വോട്ടെടുപ്പ്) ഉൾപ്പെടുത്താനുള്ള അവസരം, 32 പേർക്ക് വരെ ഒരു വിഡിയോ കോളിൽ പങ്കെടുക്കാം, ഗ്രൂപ്പ് അംഗങ്ങളുടെ പരിധി 1024 ആയി വർധിപ്പിക്കൽ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും വാട്സാപ് അവതരിപ്പിച്ചിട്ടുണ്ട്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആണ് വ്യാഴാഴ്ച വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് ഞങ്ങൾ വാട്സാപ്പിൽ കമ്മ്യൂണിറ്റികൾ ആരംഭിക്കുകയാണ്. ഇത് ഗ്രൂപ്പുകളെ മികച്ചതാക്കുന്നു. വോട്ടെടുപ്പുകളും 32 പേർ ഒന്നിച്ചുള്ള വിഡിയോ കോളിങും തുടങ്ങി. എല്ലാം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുഖേന സുരക്ഷിതമാണ്, ഇതിനാൽ നിങ്ങളുടെ മെസേജുകൾ സ്വകാര്യമായി തുടരുമെന്ന് സക്കർബർഗ് പറഞ്ഞു
കമ്മ്യൂണിറ്റി ഫീച്ചർ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാവർക്കും ലഭ്യമാകും. ഇത് ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, പ്രാദേശിക ക്ലബ്ബുകൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ആപ്പിൽ പുതിയ കമ്മ്യൂണിറ്റി ടാബ് അവരുടെ ചാറ്റുകളുടെ മുകളിൽ പ്രദർശിപ്പിക്കും, ഐഒഎസിൽ അത് താഴെയായി കാണാം. വാട്സാപ്പിന്റെ ഏറ്റവും വലിയ എതിരാളിയായ ടെലഗ്രാമിനും ഐമെസേജിനും മറ്റ് സ്വകാര്യ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകള്‍ക്കും വാട്സാപ്പിന്റെ കമ്മ്യൂണിറ്റികൾ വലിയ വെല്ലുവിളിയാകുമെന്നും കരുതുന്നു.
കമ്മ്യൂണിറ്റികൾക്ക് പുറമേ, വാട്സാപ് ഗ്രൂപ്പുകളിൽ തന്നെ പോൾ ഫീച്ചറും ഉൾപ്പെടുത്തി. ഈ ഫീച്ചർ ഉപയോഗിച്ച് ഗ്രൂപ്പിനുള്ളിൽ തന്നെ അതിവേഗത്തിൽ വോട്ടെടുപ്പുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കും. ഫെയ്സ്ബുക് മെസഞ്ചറും ടെലഗ്രാമും നിലവിൽ ഗ്രൂപ്പ് പോൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. വാട്സാപ്പിന്റെ പോൾ ഫീച്ചർ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുഖേന സുരക്ഷിതമായിരിക്കുമെന്നും മെറ്റാ അറിയിച്ചു.
അതേസമയം, ഗ്രൂപ്പ് വിഡിയോ കോളുകൾക്ക് 32 അംഗങ്ങൾക്ക് വരെ പിന്തുണ ലഭിക്കുന്നുണ്ടെന്നും വാട്സാപ് അറിയിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഗ്രൂപ്പ് വോയ്‌സ് കോളുകളിലേക്ക് 32 അംഗങ്ങളെ വരെ ചേർക്കാൻ നിലവിൽ വാട്സാപ് അനുവദിക്കുന്നുണ്ട്. ഗ്രൂപ്പ് വിഡിയോ കോളുകൾക്കും ഇതേ പരിധി ബാധകമാകും.
വാട്‌സാപ് ഗ്രൂപ്പിന്റെ അംഗങ്ങളുടെ പരിധി 512ൽ നിന്ന് 1024 ആയും ഉയർത്തി. ചെറുകിട സംരംഭങ്ങൾക്കും ബിസിനസുകൾക്കും പുതിയ ഫീച്ചർ പ്രയോജനം ചെയ്യും. ഈ വർഷം ആദ്യം അംഗങ്ങളുടെ എണ്ണം 256 ൽ നിന്ന് 512 ആയി ഉയർത്തിയിരുന്നു. അതേസമയം, 2,00,000 പേരെ ഗ്രൂപ്പിലേക്ക് ചേർക്കാൻ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാൽ, വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി ഈ ഗ്രൂപ്പ് ചാറ്റുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷണം ലഭ്യമല്ല.
വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ
കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ പ്രത്യേകം അയയ്‌ക്കാൻ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകൾക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും.
ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറാണിതെന്ന് പറയാം. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് സ്‌കൂളുകൾക്കും പ്രാദേശിക ക്ലബ്ബുകൾക്കും ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകൾക്കും എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ സാധിക്കും. അതിനാൽ ആശയവിനിമയ വിടവ് ഉണ്ടാകില്ല. നിർദിഷ്‌ട ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ അല്ലെങ്കിൽ സന്നദ്ധ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗ്രൂപ്പുകൾ സജ്ജീകരിക്കാനും വായിക്കേണ്ട അപ്‌ഡേറ്റുകൾ പങ്കിടാനും സ്‌കൂളിലെ എല്ലാ രക്ഷിതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നത് കമ്മ്യൂണിറ്റികൾ എളുപ്പമാക്കുമെന്ന് കരുതുന്നു എന്ന് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം ബ്ലോഗിൽ കുറിച്ചു.
ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേര്‍ക്കാനും സാധിക്കും. എന്നാൽ, എല്ലാം അതാത് ഗ്രൂപ്പുകളുടെ അഡ്മിൻമാർ കമ്മ്യൂണിറ്റി ക്ഷണം സ്വീകരിച്ചാൽ മാത്രമാണ് ഗ്രൂപ്പുകൾ ഒന്നിപ്പിക്കാൻ കഴിയുക. എന്നാൽ പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയുക. അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ മെസേജുകളോ വാട്സാപ് നമ്പറുകളോ കാണാൻ കഴിയില്ല. എന്നാൽ ഏതൊക്കെ ഗ്രൂപ്പിലുളളവർക്ക് ഏതൊക്കെ മെസേജ് കാണാമെന്നത് കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് തീരുമാനിക്കുകയും ചെയ്യാം.
രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, കമ്പനികള്‍ തുടങ്ങി വിവിധ കക്ഷികള്‍ ഇനി ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ തന്നെ ചില രാഷ്ട്രീയ കക്ഷികള്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാവുന്ന അംഗങ്ങളുടെ പരിമിതിയെ എങ്ങനെ മറികടക്കാം എന്നാണ് അന്വേഷിക്കുന്നത്. കമ്മ്യൂണിറ്റി ഫീച്ചർ വരുന്നതോടെ മെസേജുകൾ ഫോര്‍വേഡ് ചെയ്തു പ്രചരിപ്പിക്കേണ്ട എന്നതും പലര്‍ക്കും സന്തോഷം നൽകുന്ന കാര്യമായിരിക്കും. കമ്മ്യൂണിറ്റീസ് വഴി പ്രചാരണ പരിപാടികളും മറ്റും എളുപ്പത്തില്‍ നിര്‍വഹിക്കാനാകും. ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് മെസേജുകളുടെ ആധിക്യം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
സമൂഹ മാധ്യമങ്ങള്‍ വഴി എളുപ്പത്തില്‍ സന്ദേശങ്ങള്‍ കൈമാറി ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും മറ്റും ഇപ്പോൾ അധികം കേൾക്കാറില്ല. ഇത്തരം ആക്രമണങ്ങള്‍ കൂടിയ സമയത്താണ് ഒരു സന്ദേശം അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിബന്ധന വന്നത്. എന്നാൽ, കമ്മ്യൂണിറ്റികള്‍ നടത്തുന്നവര്‍ സമൂഹത്തിന് ഭീഷണിയാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.
ഗുണങ്ങള്‍
അയല്‍പക്ക കൂട്ടായ്മകള്‍, സ്‌കൂളുമായി ബന്ധപ്പെട്ടുള്ള കമ്മ്യൂണിറ്റീസ്, ജോലിസ്ഥലവുമായി ബന്ധപ്പട്ടുള്ള കമ്മ്യൂണിറ്റീസ് തുടങ്ങിയവ എല്ലാം സൃഷ്ടിക്കാം. പലതും ഒരു കുടക്കീഴില്‍ വരും. കോവിഡ് വ്യാപിച്ച സമയത്ത് സാധാരണക്കാർ ഓക്‌സിജനും മരുന്നും ഒക്കെ ലഭിക്കുന്നതിനായി വാട്‌സാപ്പിനെ ആശ്രയിച്ചിരുന്ന കാര്യം മെറ്റാ എടുത്തു പറയുന്നുണ്ട്. പുതിയ ഫീച്ചര്‍ ഇതെല്ലാം കൂടുതല്‍ എളുപ്പത്തിലാക്കുമെന്നും മെറ്റാ പറയുന്നു. പ്രത്യേകിച്ചും 40 കോടിയിലേറെ വാട്‌സാപ് ഉപയോക്താക്കളുള്ള ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പുതിയ ഫീച്ചര്‍ സഹായം എത്തിക്കുന്നതിനും മറ്റും കൂടുതല്‍ ഉപയോഗപ്രദമായിരിക്കാം.
15 രാജ്യങ്ങളിലെ 50ലേറെ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിച്ചാണ് കമ്മ്യൂണിറ്റീസ് അവതരിപ്പിച്ചതെന്ന് മെറ്റാ വെളിപ്പെടുത്തി. ഈ സംഘടനകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
മറ്റു ഫീച്ചറുകള്‍
വാട്‌സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്കും ഇനി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചെയ്യാവുന്ന രീതിയില്‍ പ്രതികരിക്കാം. ഗ്രൂപ്പിലുള്ള 32 പേര്‍ക്കു വരെ ഗ്രൂപ് ഓഡിയോ, വിഡിയോ കോൾ ചെയ്യാം. ഷെയർ ചെയ്യാവുന്ന ഫയലുകളുടെ സൈസ് 2 ജിബിയാക്കി. പ്രശ്‌നമെന്നു തോന്നുന്ന ചാറ്റുകള്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് നീക്കംചെയ്യാനും സാധിക്കും.
കമ്മ്യൂണിറ്റീസ് അഡ്മിന്റെ അധികാരം
തന്റെ കമ്മ്യൂണിറ്റിയിലേക്ക് ഏത് ഗ്രൂപ്പിനെ ഉള്‍ക്കൊള്ളിക്കാം, ഏതു ഗ്രൂപ്പിനെ പുറത്തു നിർത്താം എന്നത് കമ്മ്യൂണിറ്റി അഡ്മിന്റെ അധികാരമായിരിക്കും. കമ്മ്യൂണിറ്റിയുമായി ബന്ധപ്പട്ട് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശം നീക്കം ചെയ്യാനുള്ള അധികാരവും കമ്മ്യൂണിറ്റി അഡ്മിന് ഉണ്ടായിരിക്കും. പ്രശ്നക്കാരെ കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്താക്കാനും അഡ്മിന് അധികാരം ഉണ്ടായിരിക്കും.
പുതിയ സുരക്ഷാ ഫീച്ചറുകളും
സ്പാം സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഗ്രൂപ്പിലുള്ള അംഗങ്ങള്‍ക്ക് ആ ഗ്രൂപ്പില്‍ മാത്രമാണ് സന്ദേശം പോസ്റ്റ് ചെയ്യാന്‍ സാധിക്കുക. ഗ്രൂപ്പിലെ സാധാരണ അംഗത്തിന് ഏതെല്ലാം കമ്മ്യൂണിറ്റി നിലവിലുണ്ടെന്ന് സേര്‍ച്ചു ചെയ്യാനും സാധിക്കില്ല. എന്നാല്‍, ഒരു കമ്മ്യൂണിറ്റിയുടെ സന്ദേശം തനിക്കും നല്‍കണമെന്ന് അഡ്മിനോട് ആവശ്യപ്പെടാനുള്ള അവകാശം ഗ്രൂപ്പ് അംഗത്തിന് ഉണ്ടായിരിക്കും. ഇന്ത്യയില്‍ ഇതെല്ലാം ലഭ്യമാക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, ഈ വര്‍ഷം തന്നെ ഫീച്ചറുകളെല്ലാം ലഭിച്ചേക്കും.
English Summary: WhatsApp Rolls Out Communities Feature and In-Chat Polls, Raises Group Limit to 1,024 Participants