വ്യാജ ആരോപണം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും അമ്മക്കും ഒടുവില്‍ ജാമ്യം

Jun 15, 2023 - 01:09
Jun 15, 2023 - 01:10
 0
വ്യാജ ആരോപണം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും അമ്മക്കും ഒടുവില്‍ ജാമ്യം

ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ വ്യാജമതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും, കുടുംബത്തിനും ഒടുവില്‍ ജാമ്യം. സിസ്റ്റര്‍ ബിബ കെര്‍ക്കെട്ടയും, അമ്മയും ഉള്‍പ്പെടുന്ന 6 പേര്‍ക്ക് ഇന്നലെ ജൂണ്‍ 13നു ജാഷ്പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്റെ പ്രഥമ വ്രതവാഗ്ദാനത്തിന് ശേഷം ബന്ധുമിത്രാദികള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയോടെ കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനിടെയാണ് സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബവും ഇക്കഴിഞ്ഞ ജൂണ്‍ 6-ന് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ അറസ്റ്റിലാവുന്നത്.

മതവികാരം വ്രണപ്പെടുത്തുകയും മതങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ചെയ്‌തെന്ന് ആരോപിച്ച  കന്യാസ്ത്രീ അടക്കം   അഞ്ച് പേരെ അറസ്റ്റുചെയ്തു

ഇന്ത്യയിലെ ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി ദൈവദാസി പദവിയിലെത്തിയ സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗമാണ് ബാലാച്ചാപൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ കെര്‍ക്കെട്ട. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8-നായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമ വൃതവാഗ്ദാനം. 6 മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ സിസ്റ്ററിന്റെ കുടുംബം ബന്ധുമിത്രാദികളെ പങ്കെടുപ്പിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കുകയായിരിന്നു. വൈകിട്ട് 6-ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഏതാണ്ട് അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ അതിക്രമിച്ച് കയറിയ ഹിന്ദുത്വവാദികള്‍ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു.

നിങ്ങള്‍ എന്തിനാണ് ക്രിസ്ത്യാനിയായതെന്ന്‍ ചോദിച്ചുകൊണ്ട് സിസ്റ്ററിന്റെ ജപമാല പിടിച്ചെടുക്കുകയും, ബൈബിള്‍ കീറിക്കളയുകയും, സിസ്റ്ററിന്റെ അമ്മയുടെ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പോലീസ് യാഥാര്‍ത്ഥ്യം എന്തെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ ഇവരെ അറസ്റ്റ് ചെയ്യുകയായിരിന്നു. ജയിലിലായ ഇവരുടെ ജാമ്യാപേക്ഷ ഇന്നലെ ജൂണ്‍ 13-നാണ് കോടതി പരിഗണിച്ചത്. ഓരോരുത്തര്‍ക്കും 15,000-രൂപയുടെ ജാമ്യത്തുകക്ക് പുറത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നു ജെസ്യൂട്ട് സമൂഹാംഗവും അഭിഭാഷകനുമായ ഫാ. ഫുള്‍ജെന്‍സ് ലാക്രാ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ലിലി ഗ്രേസ് ടോപ്‌നോ ദൈവത്തോടും അധികാരികളോടും നന്ദി പറഞ്ഞു.