സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി ക്രൈസ്തവ ഇസ്ലാമിക നേതൃത്വം

ആഭ്യന്തര യുദ്ധത്താല്‍ കഷ്ടതയനുഭവിക്കുന്ന സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി റഷ്യയിലെയും സിറിയയിലെയും ക്രൈസ്തവ ഇസ്ലാം നേതാക്കള്‍. റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ

Nov 23, 2018 - 13:36
 0
സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി ക്രൈസ്തവ ഇസ്ലാമിക നേതൃത്വം

ആഭ്യന്തര യുദ്ധത്താല്‍ കഷ്ടതയനുഭവിക്കുന്ന സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി റഷ്യയിലെയും സിറിയയിലെയും ക്രൈസ്തവ ഇസ്ലാം നേതാക്കള്‍. റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാനുമായ ഹിലാരിയോണ്‍ ആല്‍ഫയേവിന്റെ നേതൃത്വത്തിലുള്ള നേതാക്കളും സിറിയയിലെ വിവിധ മത നേതാക്കളും ചര്‍ച്ചയില്‍ സംബന്ധിച്ചു. ഡമാസ്കസിലെ ഡോര്‍മീഷന്‍ കത്തീഡ്രലിന്റെ പ്രധാന ഹാളില്‍ വെച്ച് നവംബര്‍ 17 ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ച.

സിറിയയുടെ പുനരുദ്ധാരണത്തിന് ഇരുരാജ്യങ്ങളിലെയും ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങള്‍ തമ്മില്‍ എപ്രകാരം സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. സിറിയയിലെ അപ്പസ്തോലിക പ്രതിനിധിയായ കര്‍ദ്ദിനാള്‍ മാരിയോ സെനാരി, അന്തിയോക്കിന്റേയും കിഴക്കന്‍ സഭകളുടേയും പാത്രിയാക്കീസായ ജോണ്‍ പത്താമന്‍, സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് മോര്‍ ഇഗ്നേഷ്യസ് അഫ്രേം II, സിറിയന്‍ മന്ത്രിയായ ഷെയിഖ് മുഹമ്മദ്‌ അബ്ദുള്‍-സത്താര്‍ അല്‍ സയ്യദ്, ഡമാസ്കസിലെ സുപ്രീം മുഫ്തിയായ ഷെയിഖ് ബഷീര്‍ ഈദ് അല്‍-ബാരി തുടങ്ങിയ ഇസ്ലാമിക പണ്ഡിതരും, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി.
റഷ്യയെ പ്രതിനിധീകരിച്ച്, മതസൗഹാര്‍ദ്ദ പ്രസിഡന്‍ഷ്യല്‍ സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി എസ്. മെല്‍ക്കിനോവ്, ഉത്തര കോക്കാസസ് മുസ്ലീം കോര്‍ഡിനേറ്റിംഗ് സെന്റര്‍ ചെയര്‍മാന്‍ എം. രാഖിമോവ്, റ്റ്യൂമെന്‍ മേഖലയിലെ ഇമാമായ ഐ. സിഗാന്‍ഷിന്‍, ഇവാഞ്ചലിക്കല്‍ മെത്രാന്‍ എസ്. റ്യാഖോവ്സ്കി, നിഷ്നി കാംസ്ക് മേഖലാ ഇമാമായ എം. ഴേലാലെറ്റ്‌ഡിനോവ് തുടങ്ങിയ പ്രമുഖരും, മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍ അംഗങ്ങളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സിറിയയെ സഹായിക്കുന്നതിനായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ചെയ്ത സേവനങ്ങള്‍ക്ക് പാത്രിയാക്കീസ് ജോണ്‍ പത്താമന്‍ നന്ദി പ്രകാശിപ്പിച്ചു.

പരസ്പര സഹകരണത്തോടെ പരമാവധി സഹായമെത്തിക്കുവാന്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ധാരണയായി. സിറിയയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് തങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ചെയ്യാമെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സിറിയയിലെ കഷ്ടതയനുഭവിക്കുന്ന ക്രിസ്ത്യന്‍ മുസ്ലീം കുടുംബങ്ങള്‍ക്കായി 77 ടണ്‍ അവശ്യവസ്തുക്കളാണ് ഈ വര്‍ഷം റഷ്യയിലെ മതസൗഹാര്‍ദ്ദ പ്രസിഡന്‍ഷ്യല്‍ സമിതി വിതരണം ചെയ്തത്. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് നല്‍കിയ അത്താഴവിരുന്നോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്