അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി: മണിപ്പൂരില്‍ സ്ഥിതി ദയനീയം
About 60 Christians killed, 400 Christian churches burnt down: Manipur's situation is dire
കലാപത്തെ തുടര്‍ന്നു തികച്ചും അശാന്തമായ മണിപ്പൂരില്‍ അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായെന്നും മണിപ്പൂരി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 3-ന് ആരംഭിച്ച കലാപത്തില്‍ ഇംഫാല്‍ താഴ് വരയും, ചുരാചന്ദ്പൂറും ഒറ്റപ്പെട്ടിരിക്കുകയാണ്. കലാപത്തിനിടയില്‍ മണിപ്പൂര്‍ പോലീസ് ട്രെയിനിംഗ് കൊളേജില്‍ നിന്നും, രണ്ട് പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്നും, ഐ.ആര്‍.ബി ബറ്റാലിയന്‍ ക്യാമ്പില്‍ നിന്നുമായി 1,000-ത്തോളം തോക്കുകളും, 10,000 റൗണ്ട് വെടിയുണ്ടകളും മെയ്തി വിഭാഗക്കാര്‍ മോഷ്ടിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെ കലാപത്തിനിടയില്‍ കൊള്ളയടിക്കപ്പെട്ട 488 ആയുധങ്ങളും, 6,800 റൗണ്ട് വെടിയുണ്ടകളും വീണ്ടെടുത്തുവെന്ന് മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായ കുല്‍ദീപ് സിംഗ് പറഞ്ഞതായി ഉക്റുല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമേ, 22 പൗണ്ട് (10 കിലോ) സ്ഫോടക വസ്തുക്കളും ആസാം റൈഫിള്‍സും കണ്ടെടുത്തിട്ടുണ്ട്.
ഗോത്രവര്‍ഗ്ഗക്കാരായ 64 ക്രൈസ്തവര്‍ ഉള്‍പ്പെടെ 73 പേര്‍ ഇതുവരെ കൊല്ലപ്പെടുകയും, ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 1700 വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. 35,000 ക്രൈസ്തവര്‍ ഉള്‍പ്പെടെ ഏതാണ്ട് 50,000-ത്തോളം ആളുകളാണ് പ്രാണരക്ഷാര്‍ത്ഥം സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്തിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലെ ഹൈന്ദവരുടെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഏതാണ്ട് 397 ദേവാലയങ്ങളും, 6 ക്രിസ്ത്യന്‍ സ്ഥാപനങ്ങളും, അഗ്നിക്കിരയാവുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു.
ഭൂരിപക്ഷമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ്ഗപദവി നല്‍കുന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ സമീപകാല ഉത്തരവാണ് കലാപത്തിനു പിന്നിലെ പ്രധാനം കാരണം. ഗോത്രവര്‍ഗ്ഗക്കാര്‍ ഇതിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം എതിര്‍ വിഭാഗം വര്‍ഗ്ഗീയ ആയുധമാക്കി കലാപത്തിലേക്ക് നയിക്കുകയായിരിന്നു.