അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ പറന്തലിൽ

Nov 18, 2022 - 14:59
 0
അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ പറന്തലിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും. 31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ കൺവൻഷൻ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.

ദിവസവും രാവിലെ 9 മുതൽ 1 വരെയും 2 മുതൽ 5 വരെയും വിവിധ സമ്മേളനങ്ങൾ നടക്കും. ശുശ്രുഷക യോഗം, മിഷൻസ് സമ്മേളനം, സൺഡേ സ്കൂൾ സമ്മേളനം, യുവജന (സി.എ) സമ്മേളനം എന്നിവ പകൽ യോഗങ്ങളിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. ഞായർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സഭാ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറും മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് പി.കെ. യേശുദാസ്, ജെ. സജി, ബാബു വർഗീസ് എന്നിവർ ജോയിൻ്റ് കൺവീനർമാരുമായി വിപുലമായ കൺവൻഷൻ കമ്മിറ്റി സഭാ പ്രസ്ബിക്റ്ററി രൂപീകരിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രോട്ടസ്റ്റൻ്റ് സഭയാണ് അസംബ്ലീസ് ഓഫ് ഗോഡ്. ഇന്ത്യയിൽ അസംബ്ലീസ് ഓഫ് ഗോഡ്‌ ഓഫ് ഇന്ത്യ എന്ന ദേശീയ ഘടകത്തിൻ്റെ കീഴിൽ സൗത്തിന്ത്യ എ.ജി, നോർത്തിന്ത്യ എ.ജി, എ.ജി ഈസ്റ്റിന്ത്യ എന്നീ മൂന്ന് റീജയനുകൾ ഉണ്ട്. സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡിൽ കേരളം മുതൽ മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. ഈ സംസ്ഥാനങ്ങളിലായി എട്ടു ഡിസ്ട്രിക്ട് കൗൺസിലുകൾ പ്രവർത്തിക്കുന്നു.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് എ.ജി.മലയാളം ഡിസ്ട്രിക്ട് പ്രവർത്തിക്കുന്നത്. ആയിരത്തോളം സഭകൾ മലയാളം ഡിസ്ട്രിക്ടിലുണ്ട്.