ബെലഗാവിയിൽ വൈദികനു നേരെ ആക്രമണ ശ്രമം
വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ വൈദികനുനേരെ ആക്രമണ ശ്രമം. വടിവാളുമായെത്തിയ അക്രമിയുടെ മുന്നിൽനിന്ന് വൈദികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ വൈദികനുനേരെ ആക്രമണ ശ്രമം. വടിവാളുമായെത്തിയ അക്രമിയുടെ മുന്നിൽനിന്ന് വൈദികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് സെയ്ന്റ് ജോസഫ്‌സ് ദ വർക്കർ ചർച്ച് വികാരി ഫാ. ഫ്രാൻസിസ് ഡിസൂസയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. പള്ളിക്കു സമീപത്ത് വൈദികൻ താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ചുറ്റുമതിൽ കടന്ന് കെട്ടിടത്തിന്റെ ഒന്നാംനിലയിലെത്തിയ അക്രമി ആദ്യം മുറിയിൽ ഒളിച്ചിരുന്നു. പട്ടികുരയ്ക്കുന്ന ശബ്ദം കേട്ട് വൈദികൻ താഴത്തെ നിലയിലേക്ക് കോണിപ്പടിയിറങ്ങി വരുമ്പോൾ പിന്നാലെയെത്തി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽനിന്ന് വൈദികൻ രക്ഷപ്പെട്ടതോടെ അക്രമി മതിൽചാടി രക്ഷപ്പെട്ടു. വടിവാളുമായി അക്രമി വൈദികനെ പിന്തുടരുന്നതിന്റെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈദികന്റെ പരാതിയിൽ പള്ളി പരിസരത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. നവംബറിൽ ബെലഗാവിയിൽ മതപരിവർത്തനം ആരോപിച്ചെത്തിയ ഹിന്ദുസംഘടനാ പ്രവർത്തകർ പ്രാർഥനായോഗം തടസ്സപ്പെടുത്തിയിരുന്നു. കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്ല് അവതരിപ്പിച്ചതിന് ശേഷം നിരവധി അക്രമസംഭവങ്ങളാണ് സംസ്ഥാനത്തു ഉടനീളം ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ കർണാടകയിൽ 32 ദേവാലയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ 6 എണ്ണം ഒക്‌ടോബറിനും ഡിസംബറിനുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ആൻഡ് യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് രേഖപ്പെടുത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ടായിരിന്നു.