ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക കുടുംബങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്.

Oct 4, 2022 - 21:43
 0
ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക കുടുംബങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്. ഞായറാഴ്ച പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അവിടെ എത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുണ്ടാക്കിയ പ്രാര്‍ത്ഥനാലയം വലിച്ച് കീറുകയായിരുന്നു. അക്രമം നടക്കുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല.



ആരാധന കേന്ദ്രം വലിച്ചുകീറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. അമര്‍പൂരിലെ സെന്റ്‌ ജോസഫ് വാസ് ഇടവകയില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമങ്ങളില്‍ ഒന്നാണ് കൊമാലി. ഇടവകയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പ്രാര്‍ത്ഥനാ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇടവക വികാരിയായ ഫാ. ലീജേഷ് മാത്യു ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. തങ്ങളുടെ എണ്ണം കുറയുമോ എന്ന ഭയത്താല്‍ പ്രാര്‍ത്ഥനാ കേന്ദ്രം ഉണ്ടാക്കുന്നതിനെ ഗ്രാമത്തിലെ ഹൈന്ദവര്‍ എതിര്‍ത്തിരുന്നെന്ന് പറഞ്ഞ ഫാ. ലീജേഷ്, ഹിന്ദുക്കള്‍ ഒരിക്കലും പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയിരുന്നില്ലെന്നും, ഇത്തരത്തിലുള്ള ഒരു സംഭവം ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.



സംഭവത്തിന്റ പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുവാനാണ് തങ്ങളുടെ ശ്രമമെന്നും, ഗോത്ര സമുദായവുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടങ്ങിയതായും ഫാ. ലീജേഷ് പറഞ്ഞു. കൊമാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ അഗര്‍ത്തലയിലാണ് രൂപതയുടെ ആസ്ഥാനം. മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളൂ. 2011-ലെ സെന്‍സസ് പ്രകാരം ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ത്രിപുരയിലെ ആകെ ജനസംഖ്യയുടെ 4.35% മാത്രമാണ് ക്രൈസ്തവര്‍.