മിഷണറി പ്രവർത്തനങ്ങൾക്ക് മുന്നറിയിപ്പുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്
Chhattisgarh CM Targets Christian Missionaries Over Religious Conversion
വിദ്യാഭ്യാസത്തിൻ്റെയും ആരോഗ്യ സംരക്ഷണത്തിൻ്റെയും മറവിൽ ക്രിസ്ത്യൻ മിഷനറിമാർ ജനങ്ങളെ മതപരിവർത്തനം നടത്തുകയാണെന്നാരോപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. ക്രിസ്ത്യൻ മിഷനറിമാർ ഛത്തീസ്ഗഡിൽ വളരെ സജീവമാണെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ അവർ ആധിപത്യം പുലർത്തുന്നുണ്ടെന്നുമാണ് ആരോപണം. ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഇത് തൻ്റെ സർക്കാർ തടയുമെന്ന് മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിങ് ചെയർപേഴ്‌സൺ സുശീൽ ആനന്ദ് ശുക്ല, കോൺഗ്രസ് ഭരണകാലത്തും മുൻ ബിജെപി സർക്കാരുകളുടെ കാലത്തും നിർമ്മിച്ച പള്ളികളുടെ എണ്ണത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരണകാലത്ത് ഒരു പള്ളിയും പണിതിട്ടില്ലെന്ന് വ്യക്തമാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മതപരിവർത്തനം രാഷ്ട്രീയ വിഷയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.