മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം: 11 വിശ്വാസികള്‍ക്കു ദാരുണാന്ത്യം
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ട ആക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ടു. സെപ്തംബർ 15നു കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മോക്കിംബോവ ഡാ പ്രയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാക്വിറ്റെൻഗ് ഗ്രാമത്തിൽ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ വിവരങ്ങള്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) ഇന്റർനാഷ്ണലാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമത്തില്‍ എത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രിസ്ത്യാനികളെ പേരുകളുടെ അടിസ്ഥാനത്തിൽ, മുസ്ലീങ്ങളിൽ നിന്ന് വേർപെടുത്തിയ ശേഷം ക്രൈസ്തവര്‍ക്ക് നേരെ വെടിയുതിർക്കുകയായിരിന്നുവെന്ന് എസിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തത്. 11 പേരുടെ മരണ വിവരമാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും ഇതിലും അധികമുണ്ടെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റു.