മണിപ്പുർ സംഭവം: ആരാധനാലയങ്ങൾ സംരക്ഷിക്കണം - സുപ്രീംകോടതി
മണിപ്പുരിൽ രണ്ടുദിവസമായി സമാധാനാന്തരീക്ഷമാണെന്നും അക്രമസംഭവങ്ങൾ നടക്കുന്നില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. സൈനിക, അർധസൈനിക വിഭാഗങ്ങളെ നിയോഗിക്കുകയും സമാധാനചർച്ചകൾ നടത്തുകയും ചെയ്തതിന്റെ ഫലമായി സ്ഥിതി ശാന്തമായിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കലാപത്തിന് കാരണമായ മെയ്‌ത്തിസംവരണ ഉത്തരവിറക്കിയ ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമർശിച്ചു. ഏതെങ്കിലും വിഭാഗത്തിന് പട്ടികവർഗപദവി നൽകാൻ ഹൈക്കോടതികൾക്ക് നിർദേശിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഹർജിക്കാർ ഇവ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണവും മരുന്നുമെത്തിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കലാപത്തെത്തുടർന്ന് ഓടിപ്പോയവരെ അവരുടെ നാട്ടിൽ തിരികെയെത്തിക്കണമെന്നും ആരാധനാലയങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേസ് മേയ് 17-ലേക്ക് മാറ്റി.
സംസ്ഥാനത്ത് സൈന്യത്തെയും അർധസൈനികരെയും നിയോഗിച്ചതിന്റെ കണക്കുകൾ കേന്ദ്രം വ്യക്തമാക്കി. സുരക്ഷാ ഉപദേഷ്ടാവായി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. കേന്ദ്രത്തിൽനിന്നുള്ള മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ചുമതലയിലേക്ക് മാറ്റി. തുടർച്ചയായി സമാധാനയോഗങ്ങളും നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി സ്ഥിതി സാധാരണ നിലയിലായിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത അറിയിച്ചു. എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബി.ജെ.പി.യുടെ പിന്തുണയോടെയാണ് മണിപ്പുരിൽ ആദിവാസി സമുദായങ്ങൾക്കെതിരേ ആക്രമണം നടക്കുന്നതെന്നാരോപിച്ച് മണിപ്പുർ ട്രൈബൽ ഫോറമാണ് ഒരു ഹർജി നൽകിയത്. കലാപത്തെക്കുറിച്ച് എസ്.ഐ.ടി. അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
മെയ്തി സമുദായത്തിന് പട്ടികവർഗപദവി നൽകുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ബി.ജെ.പി. എം.എൽ.എ.യും ഹിൽ ഏരിയാസ് കമ്മിറ്റി ചെയർപേഴ്സണുമായ ദിംഗാങ്ങ് ഗംഗ്്‌മേയി നൽകിയതാണ് മറ്റൊരു ഹർജി.