മതസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് സാമൂഹികസുരക്ഷാ പെൻഷനില്ല

Mar 4, 2023 - 04:15
 0
മതസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് സാമൂഹികസുരക്ഷാ പെൻഷനില്ല

മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹികസുരക്ഷാ പെൻഷന് അർഹതയില്ലെന്ന് സർക്കാർ. മിഷണറികളിലെ സന്ന്യാസിമാർ, പുരോഹിതർ, വൈദികർ, കോൺവെന്റുകളിലെ കന്യാസ്ത്രീകൾ, മഠങ്ങളിലെയും മതസ്ഥാപനങ്ങളിലെയും അന്തേവാസികൾ എന്നിവർക്ക് പെൻഷൻ അനുവദിക്കണമെന്ന അപേക്ഷയിലാണ് സർക്കാർ നിലപാട്‌ വ്യക്തമാക്കിയത്.

അശരണർക്കും സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കും സാമ്പത്തികപരാധീനത അനുഭവിക്കുന്നവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമാണ് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നതെന്നും മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവർക്ക് അതിന് അർഹതയില്ലെന്നും ധനകാര്യവിഭാഗം ജോയിന്റ് സെക്രട്ടറി ബി. പ്രദീപ്കുമാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

മതസ്ഥാപനങ്ങളിലെ അന്തേവാസികളിലാരെങ്കിലും നിലവിൽ പെൻഷൻ കൈപ്പറ്റുന്നുണ്ടെങ്കിൽ അവരെ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കാനും നിർദേശിച്ചു.

അതേസമയം, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെ പ്രവർത്തിക്കുന്ന ഭവനങ്ങളിൽ താമസിക്കുന്ന സന്ന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്ക് സേവനമനുഷ്ഠിക്കുന്ന മതസ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതുൾപ്പെടെ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ അധികരിക്കുന്നില്ലെങ്കിൽ മറ്റു മാനദണ്ഡങ്ങൾ പാലിച്ച് പെൻഷൻ അനുവദിക്കാമെന്നും ഉത്തരവിലുണ്ടെ. ന്ന് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു.