പാസ്റ്റർ പ്രവീൺ പഗഡാല ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു

തെലുങ്കാനയിലെ പ്രമുഖ സുവിശേഷ പ്രഭാഷകനും ക്രിസ്തീയ മാധ്യമപ്രവർത്തകനും അപ്പോളജിസ്റ്റുമായ പാസ്റ്റർ പ്രവീൺ പഗഡാല ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. 45 വയസ്സായിരുന്നു. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമുൻട്രിക്ക് സമീപം കൊണ്ടമുരുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 25ന് രാവിലെ കൊവ്വൂർ ടോൾ പ്ലാസയ്ക്ക് സമീപം റോഡ് സൈഡിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ തൊട്ടടുത്ത് മറിഞ്ഞ കിടപ്പുണ്ട് എന്നാൽ വാഹനത്തിൽ മറ്റ് ഏതെങ്കിലും വണ്ടി ഇടിച്ചതായ സൂചനകൾ ഇല്ലാത്തത് മരണം കൊലപാതകം ആണെന്ന് സംശയം ജനിപ്പിക്കുന്നു.
കൊവ്വൂർ പട്ടണത്തിൽ ഒരു സുവിശേഷ യോഗത്തിനുശേഷം തിങ്കളാഴ്ച രാത്രി പത്തരയോടെ രാജമുൻട്രിയിലേക്ക് ബുള്ളറ്റ് മോട്ടോർ ബൈക്കിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്നു
കൊവ്വൂർ ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളിൽ അദ്ദേഹം ബുള്ളറ്റ് ബൈക്ക് പതിയെ ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ടോൾ പ്ലാസയിൽ നിന്ന് അധിക ദൂരം എത്തുന്നതിനു മുൻപാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം അദ്ദേഹം ധരിച്ചിരുന്ന ഹെൽമറ്റ് പോറൽ പോലും ഏൽക്കാതെ കിടക്കുന്നുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം പട്ടിക കഷ്ണം പോലെ ഒരു മരത്തടി രക്തം പുരണ്ട നിലയിൽ കണ്ടെത്തിയതും മർദ്ദനമേറ്റത് പോലെയുള്ള പാടുകൾ മുഖത്തും ശരീരത്തിലും കണ്ടതും ഇദ്ദേഹത്തെ ആരോ കൊലപ്പെടുത്തിയതാണെന്ന് സംശയം വർദ്ധിപ്പിക്കുന്നതായി പ്രാദേശിക മാധ്യമങ്ങളും ക്രൈസ്തവ സമൂഹവും ചൂണ്ടിക്കാണിക്കുന്നു.
പാസ്റ്റർ പ്രവീണിന് വധഭീഷണി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അപ്പോളജെറ്റിക്സ് മേഖലയിൽ ശക്തനായ പ്രഭാഷകനും സംവാദകനും ആയിരുന്ന ഇദ്ദേഹം മുസ്ലിം ക്രൈസ്തവ സംവാദങ്ങളിൽ മുസ്ലിം പണ്ഡിതരുടെ നാവടപ്പിക്കും വിധം അതിശക്തമായി സംസാരിക്കുകയും ക്രിസ്തുവിശ്വാസം തെളിയുകയും ചെയ്തിരുന്നു.
ക്രിസ്തീയ പ്രഭാഷകൻ എന്ന നിലയിൽ ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളിൽ മാത്രമല്ല രാജ്യമെമ്പാടും വലിയ സ്വാധീനമുള്ള, അംഗീകാരമുള്ള നേതാവായിരുന്നു അദ്ദേഹം. 2018 പ്രളയ കാലത്ത് കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ കയറ്റി അയക്കുന്നതിനും മറ്റും നേതൃത്വം നൽകിയിരുന്നു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഹൈദരാബാദിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി നിരവധി സഹായങ്ങൾ എത്തിക്കുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഹൈദരാബാദിൽ സ്വന്തം ഐടി കമ്പനി ഉടമയായിരുന്നു പ്രവീൺ പഗഡാല നേരത്തെ തെലുങ്ക് ക്രിസ്ത്യൻ ടെലിവിഷൻ ചാനലായ രക്ഷണ ടിവിയിൽ വർഷങ്ങളോളം വിവിധ പരിപാടികൾ ആങ്കർ ചെയ്തിട്ടുണ്ട്. നിരവധി സംവാദ പരിപാടികളുടെ മോഡറേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ക്രൈസ്തവ വിരുദ്ധ വീഡിയോകൾക്ക് അതിവേഗം മറുപടികൾ നൽകിക്കൊണ്ട് ശക്തമായ പ്രതിരോധം തീർത്ത അദ്ദേഹം ഇതിനായി തന്റെ ഓഫീസിനോട് ചേർന്ന് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും നിരവധി ജോലിക്കാർ അദ്ദേഹത്തിനായി പ്രവർത്തിക്കുന്നുമുണ്ടായിരുന്നു.
പ്രവീൺ പകഡാലയുടെ കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് ക്രൈസ്തവർ രാജമുഡ്രി സർക്കാർ ആശുപത്രിക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തി