പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്
പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന പതിനെട്ടുവയസ്സുകാരനെയും, സൈമൺ നദീം എന്ന പന്ത്രണ്ടുവയസുകാരനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു നായയെ ഇരുവരും മുഹമ്മദ് അലി എന്ന് വിളിക്കുന്നത് കണ്ടുവെന്ന് പറഞ്ഞു സഹിദ് സോഹൈൽ എന്നൊരു പോലീസ് ഉദ്യോഗസ്ഥനാണ് ക്രൈസ്തവ വിശ്വാസികളായ ഇവര്‍ക്കെതിരെ കേസ് നൽകിയത്. തെറ്റിദ്ധാരണയുടെ പുറത്താണ് അറസ്റ്റ് ഉണ്ടായതെന്ന് സൈമണിന്റെ മാതാവായ സമീന നദീം പറഞ്ഞു. പാക്കിസ്ഥാനിലെ പുരുഷന്മാർ ഉപയോഗിക്കാറുള്ള നസ്വർ എന്നൊരു വസ്തുവിനെ പറ്റിയാണ് കുട്ടികൾ രണ്ടും സംസാരിച്ചതെന്ന് സമീന പറയുന്നു. നസ്വറിന്റെ ബ്രാൻഡിന്റെ പേര് മുഹമ്മദ് അലി എന്നായിരിന്നു.
ഈ സമയത്ത് അതിലൂടെ വന്ന സഹിദ് സോഹൈൽ കുട്ടികളെ മർദ്ദിക്കാൻ ആരംഭിക്കുകയും, അവർക്കെതിരെ മതനിന്ദാ കുറ്റം ആരോപിക്കുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടി. അക്രമം ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രമാണ് ആ സമയം പ്രാർത്ഥിച്ചതെന്ന് സൈമണിന്റെ പിതാവ് പറഞ്ഞു. ജനക്കൂട്ടത്തിൽ നിന്ന് മർദ്ദനമേൽക്കാതിരിക്കാൻ ഉടനെ തന്നെ പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അദിലിനും, സൈമണിനും എതിരെ ഇതിനോടകം എഫ്ഐആർ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു. സമീപത്തുകൂടെ നടന്നുപോയ വ്യക്തി തങ്ങൾ സംസാരിക്കുന്നത് കേട്ട്, തങ്ങൾക്കെതിരെ മതനിന്ദാ കുറ്റം ആരോപിക്കുമെന്ന് ഒരിക്കൽ പോലും കുട്ടികൾ വിചാരിച്ചിട്ടുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സെന്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് എന്ന സംഘടനയുടെ പ്രതിനിധി നസീർ സൈദ് പറഞ്ഞു.
മതനിന്ദാ കുറ്റത്തിന്റെ ദുരുപയോഗം സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. നിരന്തരമായ ഭീഷണിയിലാണ് ക്രൈസ്തവർ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം നവംബർ മാസത്തില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ഇസ്തിയാക് സലിം എന്ന ക്രൈസ്തവ വിശ്വാസി ഇപ്പോഴും തടവില്‍ തുടരുകയാണ്. സമൂഹ മാധ്യമത്തിൽ മതനിന്ദ പോസ്റ്റ് നല്‍കിയെന്ന കുറ്റമാണ് നിരക്ഷരനായ അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. അറബി ഭാഷയിലുളള വാചകങ്ങളാണ് പോസ്റ്റിൽ ഉള്ളതെന്നും, തന്റെ ഭർത്താവിന് അറബി ഭാഷ അറിയില്ലെന്നും ഇസ്തിയാകിന്റെ ഭാര്യ തെളിവുകള്‍ സഹിതം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പോലും മതനിന്ദ നിയമം രാജ്യത്തു ഉപയോഗിക്കപ്പെടാറുണ്ട്. മിക്കപ്പോഴും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളാണ് ഇത്തരം അനീതിക്ക് ഇരയാകുന്നത്.