പൊതുവിദ്യാലയങ്ങളിൽ പ്രതിനിധികളെ നിയമിക്കാന്‍ സാത്താനിക് സംഘടനയുടെ നീക്കം

Mar 11, 2024 - 21:33
 0

അമേരിക്കയിലെ  ഫ്ലോറിഡയിലെ പൊതുവിദ്യാലയങ്ങളിൽ ചാപ്ലിൻമാരായി തങ്ങളുടെ പ്രസ്ഥാനത്തിലെ അംഗങ്ങളെയും നിയമിക്കണമെന്ന ആവശ്യവുമായി പൈശാചിക സംഘടനയായ സാത്താനിക് ടെമ്പിൾ രംഗത്ത്. കൗൺസിലിംഗ് നൽകാൻ വേണ്ടി പൊതുവിദ്യാലയങ്ങളിൽ വോളണ്ടിയർ ചാപ്ലിൻമാരെ നിയമിക്കുന്നത് സംബന്ധിച്ച ബില്ല് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഈ ബില്ലിന്റെ പരിധിയിൽ തങ്ങളുടെ അംഗങ്ങളെയും ഉൾപ്പെടുത്തണം എന്നാണ് സാത്താനിക് ടെമ്പിൾ സംഘടന ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം കുഞ്ഞുങ്ങളില്‍ പൈശാചികമായ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പൊതു വിദ്യാലയങ്ങളിലെ പ്രധാനധ്യാപകർ ചാപ്ലിൻമാരെ നിയമിക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളെ അറിയിക്കുകയും അവരുടെ അനുവാദത്തോടുകൂടി, മാതാപിതാക്കൾ തെരഞ്ഞെടുക്കുന്ന കൗൺസിലർമാരെ കുട്ടികൾക്ക് നൽകുകയും വേണമെന്നാണ് ബില്ലിൽ നിഷ്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ മുൻകാല ചരിത്രമന്വേഷിച്ചതിനു ശേഷം മാത്രമേ നിയമനം നടക്കുകയുള്ളൂ. ബില്ല് മുന്നോട്ടുവെച്ച ഫ്ലോറിഡ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററായ എറിൻ ഗ്രാൾ സാത്താനിക പുരോഹിതർ ഈ അവസരം മുതലെടുക്കുമോയെന്ന് ആശങ്ക പ്രകടിപ്പിച്ചിരിന്നു. മുൻകാല ചരിത്രം പരിശോധിക്കപ്പെട്ടതിനുശേഷം ഓരോ വ്യക്തിക്കും തെരഞ്ഞെടുക്കപ്പെടാൻ ഉള്ള അവകാശം നൽകാമെന്നും, അതിനുശേഷം മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാമെന്നും വിശ്വസിക്കുന്നതായും റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററായ എറിൻ ഗ്രാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ക്രിസ്തുമസ് നാളുകളിൽ പുല്‍കൂടിന് ബദലായി അയോവ സംസ്ഥാനത്തെ സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ സാത്താനിക രൂപം സ്ഥാപിച്ച് സാത്താനിക് ടെമ്പിൾ വിവാദം സൃഷ്ടിച്ചിരുന്നു. ഡിസംബർ പതിനാലാം തീയതി, മിസിസപ്പിയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ ജനപ്രതിനിധി സഭ സ്ഥാനാർത്ഥിയും, മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ മൈക്കിൾ കസിഡി മിസിസിപ്പിയിൽ നിന്ന് സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് എത്തുകയും ഈ രൂപം തല്ലിത്തകർക്കുകയും ചെയ്തു. ഇതിൻറെ പേരിൽ നിയമനടപടി നേരിടുന്ന അദ്ദേഹത്തിന് പിന്തുണയുമായി ഫ്ലോറിഡ ഗവർണർ റൊണാള്‍ഡ് ഡിസാൻറ്റിസ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0