പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ
ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷനായ 89-ാമത് കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ പുലമൺ ഫെയ്ത്ത്ഹോം ജംങ്ഷൻ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവെൻഷന് മുന്നോടിയായ് ഫെബ്രുരി 8 ബുധനാഴ്ച വൈകിട്ട് മൂന്നിന് ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ കൊട്ടാരക്കര ടൗൺ വഴി കൺവെൻഷൻ ഗ്രൗണ്ടിൽ സമാപിക്കുന്നതോടെ കൺവെൻഷന് തുടക്കമാകും.
ദിവസവും രാവിലെ ഏഴിന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിനും രാത്രി 10 നും കാത്തിരിപ്പുയോഗം , വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം ,രോഗശാന്തി ശുശ്രൂഷ എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന സമ്മേളനം ,സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര സെന്റർ സഭയുടെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. സഭയുടെ ചീഫ് പാസ്റ്റർമാരും സീനിയർ സെന്റർ പാസ്റ്റർമാരും കൺവെൻഷനിൽ പ്രസംഗിക്കും. സമാപന ദിവസം വൈകിട്ട് 5.45ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കം. 13 ന് രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസറേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തെരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസഫ് കുട്ടിയും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.
കൊല്ലവർഷം 1105 ൽ പെന്തെക്കോസ്ത് മിഷൻ പ്രവർത്തനം കൊല്ലം ജില്ലയിൽ ആരംഭിച്ച് കൺവൻഷൻ നടത്തി. 1110 ൽ കൊട്ടാരക്കര ഫെയ്ത്ത്ഹോം ആരംഭിച്ചു. 1934 മുതൽ ആരംഭിച്ച കൊട്ടാരക്കര സെന്റർ കൺവെൻഷൻ ഇന്ന് കൊട്ടാരക്കര സാർവദേശീയ കൺവെൻഷനും കേരളത്തിലെ പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ കൺവെൻഷനുമാണ്. ലോകത്തിൽ 65-ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും അമേരിക്കയിൽ ന്യൂ യാർക്കിലുമാണ്. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ. എം.റ്റി.തോമസ്, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ സഭയെ നയിക്കുന്നു.