2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി

ഗലീലയില്‍ 2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി ഗലീല: ഗലീലിയില്‍ 2100 വര്‍ഷം മുമ്പുണ്ടായിരുന്ന കൃഷിസ്ഥലത്തിലെ കളപ്പുരയുടെ അവശിഷ്ടങ്ങള്‍ യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടേത്തി.

Jun 21, 2022 - 20:05
 0

ഗലീലിയില്‍ 2100 വര്‍ഷം മുമ്പുണ്ടായിരുന്ന കൃഷിസ്ഥലത്തിലെ കളപ്പുരയുടെ അവശിഷ്ടങ്ങള്‍ യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടേത്തി.

വടക്കന്‍ യിസ്രായേലില്‍ ഗലീല തടാകത്തിനു 6 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗലീല റീജണില്‍ അര്‍ബല്‍ അരുവിക്കടുത്താണ് കളപ്പുരയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങള്‍ ‍, തുണികള്‍ നെയ്യാന്‍ ഉപയോഗിക്കുന്ന പത്തോളം തറി തൂക്കങ്ങള്‍ ‍, ശീതീകരിച്ച വലിയ മണ്‍പാത്രങ്ങള്‍ ‍, കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ആയുധങ്ങള്‍ (ഇതില്‍ കൂന്താലി, വെട്ടുകത്തി, അരിവാള്‍ എന്നിവയും ഉള്‍പ്പെടും) എന്നിവ കണ്ടെടുത്തതായി പര്യവേഷണം നടത്തിയ യിസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റി പര്യവേഷക ഡയറക്ടര്‍ അമാനി അബു-ഹമീദ് ബുധനാഴ്ച അറിയിച്ചു.

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ‍, പാത്രങ്ങളുടെയും ആയുധങ്ങളുടെയും കാലപ്പഴക്കം നിര്‍ണ്ണയിച്ചതനുസരിച്ച് ഇരുമ്പ് യുഗത്തില്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അന്ന് മിലിട്ടറി ആക്രമണത്തെത്തുടര്‍ന്ന് വളരെ അപകടകരമായ സ്ഥിതിയുണ്ടായപ്പോള്‍ തിടുക്കത്തില്‍ത്തന്നെ സകലവും ഉപേക്ഷിച്ച് ആളുകള്‍ പോയിരിക്കാമെന്നാണ് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

യഹൂദ ഹസ്മേരിയന്‍ രാജഭരണകാലഘട്ടത്തില്‍ ഗലീലയിലേക്കും അതിര്‍ത്തി വികസിപ്പിച്ചതായി ചരിത്രം പറയുന്നു. ഇവിടെ താമസിച്ചവര്‍ യഹൂദരോ മറ്റു മതക്കാരോ എന്നു വ്യക്തമല്ല.

യിസ്രായേല്‍ നാഷണല്‍ വാട്ടര്‍ കമ്പനിയായ മെകോറോട്ടിന്റെ ഗലീല തടാകത്തില്‍നിന്നുള്ള ജലപദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ജോലിക്കിടയിലാണ് പുരാതന സൈറ്റ് കണ്ടെത്താനിടയായത്.