മധ്യപ്രദേശിൽ പള്ളി കത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി

മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ പള്ളിയും പ്രാർത്ഥനാ ഹാളും കത്തിക്കുകയും അലങ്കോലമാക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള ചൗകിപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ഞായറാഴ്ച അഗ്നിക്കിരയാക്കിയത്. ചില മതഗ്രന്ഥങ്ങളും ഫർണിച്ചറുകളും അഗ്നിക്കിരയായി. ചൗകി പുര ഗ്രാമത്തിലെ ഒരു പ്രാർത്ഥനാ ഹാളിൽ ഫർണിച്ചറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, ചുവരിൽ 'റാം' എന്ന് എഴുതിയിരുന്നു.
അറസ്റ്റിലായവരിൽ രണ്ട് പേർ - ആകാശ് തിവാരി, അവനീഷ് പാണ്ഡെ എന്നിവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് വൃത്തങ്ങൾ അറിയിച്ചു. 28 കാരനായ ഇലക്‌ട്രീഷ്യൻ ശിവ റായിയാണ് സംഘത്തിലെ മൂന്നാമത്തെ അംഗം. അയോധ്യ നിവാസിയായ അവനീഷ് പാണ്ഡെ എംബിഎ ബിരുദധാരിയാണ്. ഝാൻസിയിലാണ് ആകാശ് തിവാരി താമസിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആകാശ്, ഗൂഗിളിലെ ലക്ഷ്യസ്ഥാനങ്ങൾ അവനീഷിന് അയച്ചുകൊടുക്കുക മാത്രമല്ല അവനീഷിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുകയും ചെയ്തുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം, പോലീസ് വൃത്തങ്ങൾ പറഞ്ഞു
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 295 (ഏതെങ്കിലും വിഭാഗത്തിൻ്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.