നൈജീരിയയില്‍ വൈദികനെ കാണാതായിട്ട് ഒരു മാസം

Nov 7, 2023 - 07:37
 0
നൈജീരിയയില്‍ വൈദികനെ കാണാതായിട്ട് ഒരു മാസം

നൈജീരിയയിലെ  കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരു മാസം. ഒക്ടോബര്‍ 1നു കാണാതായ ഫാ. സാംപ്‌സൺ ഇമോഖിദിയുടെ തിരോധാന വാർത്തയ്ക്കു ഒരു മാസം പിന്നിട്ട് സാഹചര്യത്തില്‍ അബൂജ അതിരൂപതയുടെ ചാൻസലർ ഫാ. സാം തുംബ പ്രസ്താവന പുറത്തിറക്കി. തിരോധാനം സംബന്ധിച്ച് സിവിൽ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിരൂപത അറിയിച്ചു. നൈജീരിയയിൽ, വൈദികരും സന്യസ്തരും തട്ടിക്കൊണ്ടുപോകലിനും കൊള്ളയടിക്കലിനും ഇരയാകുന്നത് പതിവ് സംഭവമാണ്. ഫാ. സാംപ്‌സണെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് സൂചന.

വൈദികന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളിൽ അദ്ദേഹത്തെ ഓർക്കണമെന്നു അബൂജ ആർച്ച് ബിഷപ്പും സഹായ മെത്രാനും അഭ്യർത്ഥിച്ചു. വൈദികനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ രൂപതയെ അറിയിക്കണമെന്നും സഭാനേതൃത്വം അറിയിച്ചു. അതേസമയം തട്ടിക്കൊണ്ടുപോകലാണ് നടന്നതെങ്കില്‍ മോചനദ്രവ്യം ആവശ്യപ്പെടുക അക്രമികളുടെ സ്വഭാവിക ശ്രമമായിരിന്നു. ഫാ. സാംപ്‌സണിന്റെ കാര്യത്തില്‍ ഇത്തരമൊരു ശ്രമങ്ങളും നടന്നിട്ടില്ലായെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഇക്കഴിഞ്ഞ ദിവസം പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ പുറത്തുവിട്ട 'പെർസിക്യൂട്ടേർസ് ഓഫ് ദ ഇയർ' റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്താണ് നൈജീരിയ.