ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന് ബജ്റംഗ്ദൾ ആരോപണം: ക്രൈസ്‍തവ പ്രാർഥനാസംഗമം പൊലീസ് തടഞ്ഞു

Dec 29, 2022 - 18:18
 0
ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന് ബജ്റംഗ്ദൾ ആരോപണം: ക്രൈസ്‍തവ പ്രാർഥനാസംഗമം പൊലീസ് തടഞ്ഞു

ഉത്തർപ്രദേശിൽ ക്രൈസ്തവ കൂട്ടായ്മ നടത്തിയ പ്രാർഥനാസംഗമം ബജ്‌റംഗ്ദൾ പരാതി​യെ തുടർന്ന് പൊലീസ് തടഞ്ഞു. കൂട്ടമതംമാറ്റത്തിന് ശ്രമം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. രണ്ട് ഡസനോളം പേരെ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുവെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ പരാതിയിൽ ആരോപിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഹസ്രത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭേർഹ ഗ്രാമത്തിലാണ് സംഭവം. എന്നാൽ, പ്രാർഥനാസംഗമം നടക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയപ്പോൾ അവിടെ മതപരിവർത്തനം നടക്കുന്നതിന്റെ തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് പൊലീസ് പന്തലിൽ എത്തിയപ്പോൾ ഭജന നടക്കുകയായിരുന്നു. അനുമതിയില്ലാതെ നടത്തുന്നതായതിനാൽ പരിപാടി നിർത്തിച്ചു. അവിടെ തടിച്ചുകൂടിയ ആളുകളോട് ഒഴിഞ്ഞുപോകാൻ പറഞ്ഞു” – ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കരംവീർ സിങ് പറഞ്ഞു. കൂട്ട മതപരിവർത്തനമെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.

എന്നാൽ, പരിപാടി നടന്ന ഗ്രാമത്തിൽ ഒരു ക്രിസ്ത്യൻ കുടുംബം പോലുമില്ലെന്നും എന്നിട്ടും എങ്ങനെയാണ് ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുന്നതെന്നും ബജ്‌റംഗ്ദൾ ജില്ലാ പ്രസിഡന്റ് പങ്കജ് ഗുപ്ത പറഞ്ഞു. പൊലീസിന്റെ കണ്ടെത്തൽ തെറ്റാണെന്നും ഒരു ഹിന്ദു കുടുംബം ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നും മതപരിവർത്തനത്തെക്കുറിച്ച് തങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും അ​യാൾ അവകാശപ്പെട്ടു.

ബജ്‌റംഗ്ദൾ ഭാരവാഹികൾ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ കണ്ട് പരിപാടിയുടെ സംഘാടകർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും പങ്കജ് ഗുപ്ത കൂട്ടിച്ചേർത്തു. പൊലീസുമായും ഭരണകൂടവുമായും സംസാരിച്ചിട്ടുണ്ടെന്നും മതംമാറ്റം പോലു​ള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് രാജീവ് ഗുപ്ത പറഞ്ഞു.