എറണാകുളത്ത് സിനഗോഗിനു മുന്നിലെ ബാനറുകളും ഫ്ലക്സും തീകൊളുത്തി നശിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Oct 13, 2026 - 13:16
Oct 13, 2026 - 14:29
 0
എറണാകുളത്ത് സിനഗോഗിനു മുന്നിലെ ബാനറുകളും ഫ്ലക്സും തീകൊളുത്തി നശിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ
എറണാകുളം മാർക്കറ്റ് റോഡിൽ 24 മണിക്കൂറും പൊലീസ് കാവലുള്ള സിനഗോഗിനു മുന്നിൽ അതിക്രമം. നൂറ്റാണ്ടുകൾ പഴക്കമുള്ള കടവുംഭാഗം സിനഗോഗിന്റെ ഗേറ്റിന് മുന്നിലെ ബാനറുകളും ഫ്ളക്സുകളും പെട്രോൾ ഒഴിച്ച് തീകൊളുത്തി നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 2:40-ഓടെയായിരുന്നു സംഭവം.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർശന പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്താണ് ഈ ആക്രമണം ഉണ്ടായത്. പള്ളി വളപ്പിൽ പൊലീസുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അക്രമി പെട്രോൾ ഒഴിച്ച് ബാനറുകൾക്ക് തീ കൊളുത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ജൂതപ്പള്ളിയുടെ മാനേജിംഗ് ട്രസ്റ്റി ഏലിയാസ് ജോസഫായി പള്ളി വളപ്പിൽ നടത്തുന്ന ഹോർട്ടികൾച്ചർ നഴ്‌സറിയുടെ ബാനറുകളാണ് ആക്രമണത്തിൽ കത്തിനശിച്ചത്. രാവിലെ നഴ്‌സറിയുടെ ചുമതലയുള്ള ജീവനക്കാരനാണ് ഗേറ്റിന് മുന്നിൽ ബാനറും ഫ്ലക്സും കത്തിയ നിലയിലും റോഡിൽ കരിഞ്ഞ പാടുകളും കണ്ടത്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ നമ്പർ തിരിച്ചറിഞ്ഞ് പ്രതിയെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ആലുവ റുറൽ പൊലീസ് പരിധിയിൽ താമസിക്കുന്ന യുവാവാണ് ആക്രമണം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി സിറ്റി പൊലീസ് ക്ലബ്ബിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു. മറ്റൊരാളുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും എന്നാൽ ആളെ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് പ്രതിയുടെ പ്രാഥമിക മൊഴി. ഇതിലെ ദുരൂഹത കണക്കിലെടുത്ത് കേന്ദ്ര ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തു. നഗരത്തിലെ പെട്രോൾ പമ്പിൽ നിന്നാണ് പ്രതി പെട്രോൾ ശേഖരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0