കാമറൂണിൽ ബൈബിൾ പരിഭാഷകൻ കൊല്ലപ്പെട്ടു
കാമറൂണിലെ വും പട്ടണത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമായ ഗ്രാമത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികള്‍ ബൈബിള്‍ പരിഭാഷകനെ വീട്ടില്‍ കയറി വെട്ടിനുറുക്കി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ കൈവെട്ടി മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്
കാമറൂണിലെ വും പട്ടണത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമായ ഗ്രാമത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികള്‍ ബൈബിള്‍ പരിഭാഷകനെ വീട്ടില്‍ കയറി വെട്ടിനുറുക്കി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ കൈവെട്ടി മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ അങ്കുസ് എബ്രഹാം ഫുങ്ങ് എന്ന ബൈബിള്‍ പരിഭാഷകന്‍ ഉള്‍പ്പെടെ ഏഴുപേരെ കൊല ചെയ്തതായി ഒയാസിസ് നെറ്റ്വര്‍ക്ക് ഫോര്‍ കമ്മ്യൂണിറ്റി ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന പ്രേഷിത കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന എഫി ടെമ്പോണാണ് വെളിപ്പെടുത്തിയത്.
വിക്ളിഫ് ബൈബിള്‍ ട്രാന്‍സ്ലേറ്റേഴ്സിനൊപ്പം അഗേം ഭാഷയില്‍ പുതിയ നിയമത്തിന്റെ ഒരു തര്‍ജ്ജമ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു അറുപതുകാരനായ അങ്കുസ് എബ്രഹാം.
രാത്രിയിലുണ്ടായ ആക്രമണം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും, വീടുകളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വീട്ടുകാരെ നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കി കൂട്ടക്കൊലചെയ്യുകയായിരുന്നുവെന്നും ടെമ്പോണ്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണമോ, എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നോ ഇതുവരെ അറിയുവാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട ഫുങ്ങിന്റെ ഭാര്യ എവ്ലിന്‍ ഫുങ്ങിന്റെ കൈ മുറിച്ചു മാറ്റിയതിനാല്‍ പ്രാദേശിക ആശുപത്രിയില്‍ ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഗ്രാമവാസികള്‍ക്ക് എഴുതുവാനും വായിക്കുവാനും അടക്കം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഫുങ് ഏറെ ശ്രമം ചെലുത്തിയിരിന്നു. പ്രദേശത്തെ സാമൂഹ്യപരവുമായ പുരോഗതിക്ക് നേതൃത്വം നല്‍കിയിരുന്നതും ഫുങ്ങ് തന്നെയായിരുന്നു.
വും പട്ടണം സ്ഥിതിചെയ്യുന്നത് വിഘടനവാദികളുടെ പോരാട്ടഭൂമിയും സംഘര്‍ഷഭരിതവുമായ ആംഗ്ലോഫോണ്‍ മേഖലയിലാണ്. സര്‍ക്കാരിനെതിരെ പോരാടുന്ന വിമതരെ പിന്തുണക്കുന്നതിന്റെ പേരില്‍ ഈ പട്ടണത്തിലെ കര്‍ഷക സമൂഹത്തെ സര്‍ക്കാര്‍ ഒത്താശയോടെ ഫുലാനി യുവാക്കള്‍ ആക്രമിക്കുന്നത് പതിവാണ്. ഏതാണ്ട് അയ്യായിരത്തിനടുത്ത് ജനസംഖ്യയുള്ള പട്ടണത്തിലെ 90 ശതമാനം ജനങ്ങളും ക്രൈസ്തവ വിശ്വാസികളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇതാദ്യമായല്ല ഈ പട്ടണം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കിരയാകുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉണ്ടായ ആക്രമണത്തില്‍ ദേവാലയമുള്‍പ്പെടെ നിരവധി വീടുകളാണ് അക്രമികള്‍ അഗ്നിക്കിരയായത്.