യുദ്ധ ഭീഷണിയ്ക്കിടെ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി യുക്രൈനിലെ ക്രൈസ്തവര്‍

റഷ്യ അയല്‍രാജ്യമായ യുക്രൈനെ ആക്രമിക്കുമെന്ന ആശങ്കകള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ പ്രാര്‍ത്ഥനയും, ആരാധനയുമാകുന്ന തങ്ങളുടെ ശക്തമായ ആയുധം മുറുകെ പിടിച്ച് യുക്രൈനിലെ ക്രൈസ്തവര്‍. ജനങ്ങള്‍ ഭീതിയിലാണെന്നും, അതിനാല്‍ യേശുവിലേക്ക് തിരിയുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്ത് സമാധാനം

Feb 16, 2022 - 19:58
 0

റഷ്യ അയല്‍രാജ്യമായ യുക്രൈനെ ആക്രമിക്കുമെന്ന ആശങ്കകള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ പ്രാര്‍ത്ഥനയും, ആരാധനയുമാകുന്ന തങ്ങളുടെ ശക്തമായ ആയുധം മുറുകെ പിടിച്ച് യുക്രൈനിലെ ക്രൈസ്തവര്‍. ജനങ്ങള്‍ ഭീതിയിലാണെന്നും, അതിനാല്‍ യേശുവിലേക്ക് തിരിയുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്ത് സമാധാനം നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂവെന്നും ലിവിവിലെ ന്യൂ ജനറേഷന്‍ ചര്‍ച്ചിലെ കിസ്മെങ്കോ ദ്മിത്രോ സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് പുറമേ, യുക്രൈനില്‍ താമസിക്കുന്ന വിദേശികളും യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്.

ഈ അടുത്ത ദിവസം ലിവിവിലെ സിറ്റി സെന്ററിന് മുകളിലെ ഒരു ചെറിയ മുറിയില്‍ ഒരുമിച്ചു കൂടിയ ആഫ്രിക്കയില്‍ നിന്നുള്ള ക്രൈസ്തവര്‍ യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരിന്നു. ക്രിസ്ത്യാനികളും, ദൈവമക്കളുമെന്ന നിലയില്‍ മുഴുവന്‍ ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും കാരണം കര്‍ത്താവിന് വേണ്ടത് സമാധാനമാണെന്നും ക്രൈസ്റ്റ് എംബസി സമൂഹത്തിലെ വചനപ്രഘോഷകനായ തിമോത്തി അഡെഗ്ബിലെ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഒരുമിച്ചു കൂടിയ വചനപ്രഘോഷകരും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു.

അതേസമയം റഷ്യന്‍ വിമത പോരാളികളുടെ ആധിപത്യമേഖലകളില്‍ ക്രിസ്ത്യാനികളെ നിശബ്ദരാക്കുവാനും, ദേവാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എങ്കിലും ഒത്തുചേരലുകള്‍ക്ക് യാതൊരു കുറവുമില്ല. റഷ്യ യുക്രൈനെ ആക്രമിച്ചാലും യേശുവിന്റെ സഭയെ തടയുക അസാധ്യമാണെന്നു തിമോത്തി പറഞ്ഞു. സമീപകാലത്ത് യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈന്യത്തേയും, പടക്കോപ്പുകളും വിന്യസിപ്പിച്ചതാണ് നിലവിലെ യുദ്ധസമാനമായ പ്രതിസന്ധിക്ക് കാരണം.

ഏതാണ്ട് 13 ലക്ഷത്തോളം സൈനീകരെയാണ് റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും യുദ്ധ ഭീഷണി തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0