'കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരസ്യംചെയ്യരുത്': ബാലാവകാശ കമ്മീഷൻ
കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇത്തരത്തില്‍ മത്സരബുദ്ധി ഉളവാക്കുന്ന സാഹചര്യങ്ങള്‍ കുട്ടികളില്‍ കനത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ബോര്‍ഡുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്ക് കൈമാറാന്‍ കമ്മീഷന്‍ അധികൃതരെ ചുമതലപ്പെടുത്തി.
എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പരീക്ഷകള്‍ എഴുതുന്നതിനുവേണ്ടി കുട്ടികള്‍ രാത്രികാല പരിശീലന ക്ലാസിന് പോകേണ്ട സ്ഥിതിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
അവധിക്കാലത്ത് പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പോരായ്മകളുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷൻ കെ വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന പരീക്ഷകളില്‍ മാറ്റംവരുത്തേണ്ടത് അനിവാര്യമാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.