വിദേശ സഹായം വാഗ്ദാനം നല്‍കി സുവിശേഷകരെ കബളിപ്പിച്ചു

കോവിഡിന്റെ മറവില്‍ സുവിശേഷ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു വിദേശത്തുനിന്ന് സഹായം വാഗ്ദാനം ചെയ്ത് സുവിശേഷകരെ കബളിപ്പിച്ച് പണം തട്ടിയതായി ആരോപണം

Sep 24, 2020 - 12:10
 0

ഫെയ്സ് ബുക്കിലൂടെയും ചാറ്റിങ്ങിലൂടെയും സുവിശേഷ പ്രവര്‍ത്തനം മനസ്സിലാക്കിയാണു തട്ടിപ്പിനു കളം ഒരുക്കുന്നതെന്നു ഒരു മലയാള ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. കോട്ടംയ വടവാതൂര്‍ സ്വദേശിയായ യുവ സുവിശേഷകന് ഇത്തരത്തില്‍ 29,000 രൂപ നഷ്ടമായി. ഇംഗ്ളണ്ടില്‍നിന്ന് സിസ്റ്റര്‍ ബ്രണ്‍ഗേല തോമസ് എന്നു പരിചയപ്പെടുത്തിയ വ്യക്തി സുവിശേഷകനുമായി ബന്ധം സ്ഥാപിച്ചു. സുവിശേഷകന്റെ വരുമാനവും പ്രവര്‍ത്തന രീതികളും മനസ്സിലാക്കി. പരസ്പരം ബൈബിള്‍ വാക്യങ്ങളിലൂടെയായിരുന്നു ചാറ്റിംഗ്.

ഒരു മാസം കഴിഞ്ഞപ്പോള്‍ കേരളത്തിലെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തങ്ങളുടെ ബിഷപ്പിനു താല്‍പ്പര്യമുണ്ടെന്നറിയിച്ചു. ബിഷപ്പിന്റേതായി ബൈബിള്‍ ‍, ഐഫോണ്‍ ‍, ലാപ്ടോപ്പ്, സ്വര്‍ണ്ണാഭരണങ്ങള്‍ ‍, പൌണ്ട്, ഗോള്‍ഡ് വാച്ച് എന്നിവ വീട്ടിലെ മേല്‍വിലാസത്തില്‍ അയച്ചിട്ടുണ്ടെന്നു സന്ദേശം അയച്ചു.

കൊരിയര്‍ സര്‍വ്വീസിന്റെ വേ ബില്ലിന്റെയും അയച്ച സാധനങ്ങളുടെയും ചിത്രങ്ങള്‍ വാട്ട്സാപ്പില്‍ അയയ്ക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍നിന്നും വിളിക്കുമെന്നും അറിയിച്ചു. ഗിഫ്റ്റ് പായ്ക്കറ്റ് ഡല്‍ഹിയില്‍ എത്തിയെന്നും സര്‍വ്വീസ് ചാര്‍ജ്ജായി 29,000 രൂപ അടച്ച് അത് കൈപ്പറ്റണമെന്നും അറിയിപ്പ് അടുത്ത ഫോണ്‍ കോളില്‍ എത്തി. സുവിശേഷകന്‍ അവര്‍ നല്‍കിയ ബാങ്ക് അക്കൌണ്ടില്‍ പണം അടച്ചു. ജി.എസ്.ടി ഇനത്തില്‍ 89,000 രൂപ കസ്റ്റംസില്‍ അടയ്ക്കണമെന്ന സന്ദേശം പിന്നാലെ എത്തി. സംശയം തോന്നിയ സുവിശേഷകന്‍ അന്വേഷിച്ചപ്പോള്‍ ചതിക്കപ്പെട്ടതായി തിരിച്ചറിഞ്ഞു.

ഇതിനു സമാനമായി അമേരിക്കയില്‍നിന്നെന്ന് പറഞ്ഞു കോത്തല സ്വദേശിയായ സുവിശേഷകനെയും കബളിപ്പിക്കാന്‍ ശ്രമം നടന്നു. മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ അയയ്ചിട്ടുണ്ടെന്നും കൊറിയര്‍ ചാര്‍ജ്ജ് അടയ്ക്കണമെന്നുമായിരുന്നു സന്ദേശം.

പണമടയ്ക്കാതിരുന്നതോടെ നിരന്തരം വിളിയെത്തി. വീഡിയോകോളില്‍ വന്നാല്‍ പണം അടയ്ക്കാമെന്നു സന്ദേശം അയയ്ചതോടെ വിളിനിന്നു. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു വര്‍ത്ത.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0