ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷയെ പ്രഘോഷിക്കുന്ന ദേശീയ പതാക

ഭാരതം എന്നു കേള്‍ക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാക നമ്മുടെ മനസിലൂടെ മാറി മറയുന്നു. അത് പോലെ ഓരോ രാജ്യത്തിന്റെയും പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് ഒരുപക്ഷേ ആ രാജ്യത്തിന്റെ പതാകയായിരിക്കും. അടയാളങ്ങള്‍ കൊണ്ടും നിറങ്ങള്‍ കൊണ്ടും സാദൃശ്യം കൊണ്ടും ഒരുപാട് രാജ്യങ്ങളുടെ പതാക നമ്മുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്.

Jul 8, 2019 - 15:14
 0
ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷയെ പ്രഘോഷിക്കുന്ന ദേശീയ പതാക

ഭാരതം എന്നു കേള്‍ക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാക നമ്മുടെ മനസിലൂടെ മാറി മറയുന്നു. അത് പോലെ ഓരോ രാജ്യത്തിന്റെയും പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് ഒരുപക്ഷേ ആ രാജ്യത്തിന്റെ പതാകയായിരിക്കും. അടയാളങ്ങള്‍ കൊണ്ടും നിറങ്ങള്‍ കൊണ്ടും സാദൃശ്യം കൊണ്ടും ഒരുപാട് രാജ്യങ്ങളുടെ പതാക നമ്മുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. അധികാരത്തിന്റേയും അധീശത്വത്തിന്റേയും ചിഹ്നങ്ങളും ബഹുവര്‍ണ്ണങ്ങളും കൊണ്ട് ഓരോ രാജ്യവും തങ്ങളുടെ പതാക ഏറെ അഭിമാനത്തോടെ ലോകത്തിന് മുന്നില്‍ എടുത്തു കാട്ടുന്നു.


ഡൊമനിക്കൻ റിപ്പബ്ലിക്, കരീബിയൻ പ്രദേശത്തെ ഒരു രാജ്യമാണ്. ലോക രാജ്യങ്ങളില്‍ നിന്ന്‍ ഏറെ വ്യത്യസ്തമായി തങ്ങളുടെ ദേശീയ പതാകയില്‍ ബൈബിള്‍ ചിത്രീകരിച്ചിട്ടുള്ള ഏക രാജ്യമെന്ന ബഹുമതി ഡൊമനിക്കന്‍ റിപ്പബ്ലിക്കിന് മാത്രം അവകാശപ്പെട്ടതാണ്. നീലയും, ചുവപ്പും, വെള്ളയും നിറമുള്ള പതാകയാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്ക് ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യം, രക്തസാക്ഷികളുടെ സ്മരണ, ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷ എന്നിവയെ സൂചിപ്പിക്കുന്നതിനാണ് പതാകയില്‍ ഈ മൂന്നു നിറങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ പതാകയുടെ മധ്യഭാഗത്തായി നല്‍കിയിട്ടുള്ള കോട്ട് ഓഫ് ആംസിലാണ് ബൈബിളിന്റെ ചിത്രവും, അതിന് മുകളിലായി കുരിശും ചിത്രീകരിച്ചിരിക്കുന്നത്. കുരിശിന്റെ രൂപമാണ് പതാകയില്‍ ഏറെ പ്രാധാന്യത്തോട് കാണുവാന്‍ സാധിക്കുന്നതും. ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപകരില്‍ ഒരാളായ ജുവാന്‍ പാബ്ലോ ഡ്യുവാര്‍ട്ടെയാണ് പതാകയില്‍ വെള്ള നിറം കൂടി ഉള്‍പ്പെടുത്തി രാജ്യത്തിന്റെ വിശ്വാസം പ്രഘോഷിക്കണമെന്ന് നിര്‍ദേശിച്ചത്.


പതാകയില്‍ ബൈബിള്‍ മാത്രമല്ല, ദൈവവചനവും ഡൊമനിക്കന്‍ റിപ്പബ്ലിക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായത്തിലെ 32-ാം വാക്യമാണ് തുറന്ന ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’ എന്ന വാക്യം പതാകയുടെ മധ്യത്തിലെ കോട്ട് ഓഫ് ആംസില്‍ നല്‍കിയിരിക്കുന്ന ബൈബിളില്‍ വ്യക്തമായി കാണാം.
നീലയും, ചുവപ്പും പ്രത്യേകം കോണുകളിലായി നല്‍കിയിരിക്കുന്നതിനാല്‍ തന്നെ വെള്ള നിറത്തില്‍ കുരിശ് രൂപം പതാകയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ലോകരക്ഷയുടെ അടയാളമായ കുരിശിനെയും ദൈവവചനത്തെയും തങ്ങളുടെ പതാകയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ക്രിസ്തു എന്ന സത്യത്തെ ലോകത്തോട് വിളിച്ചു പറയുകയാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്ക്. ആകെ ജനസംഖ്യയുടെ 90 ശതമാനത്തില്‍ അധികവും കത്തോലിക്ക വിശ്വാസികളുള്ള രാജ്യം കൂടിയാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്ക്.