അബുദാബിയിലെ റോഡിന് പത്തനംതിട്ടക്കാരൻ ഡോക്‌ടറുടെ പേര്
A street in the UAE has been named after Malayali doctor George Matthew, who hails from Thumbaman in Pathanamthitta. He has been offering service since age 26
പത്തനംതിട്ട തുമ്പമണ്ണിൽ പിറന്ന്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച 84കാരനായ ഡോക്ടർ ജോർജ് മാത്യുവിനെ നല്ലതുപോലെ അറിയാൻ ഒന്ന് വിമാനം പിടിച്ച് അബുദാബി വരെ പോയി വരണം. ഇവിടുത്തെ ‘ജോർജ് മാത്യു സ്ട്രീറ്റ്’ എന്ന സ്ഥലപ്പേര് ഉണ്ടായത് ഈ നാട്ടുകാരുടെ പ്രിയ ഡോക്ടർ ‘മത്യസിൽ’ നിന്നുമാണ്. അബുദാബി അല്‍ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തെ റോഡിനാണ് ഡോക്‌ടറുടെ പേര് നൽകിയിട്ടുള്ളത്. ഇദ്ദേഹം കഴിഞ്ഞ 57 വർഷമായി രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള ആദരമാണ് ഈ പേര്.
അമേരിക്കയിലേക്ക് 26-ാം വയസിൽ പറക്കാൻ തീരുമാനിച്ചിരുന്ന ഡോ. ജോർജ് മിഷനറിയായ സുഹൃത്തിൽ നിന്നും അൽ എയ്ൻ എന്ന സ്ഥലത്തെ കുറിച്ചറിയുന്നതും, അവിടെ സേവനമനുഷ്ഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണകൂടം അന്വേഷിച്ചു അൽ എയ്‌നിലെ സർക്കാർ ഡോക്‌ടർ അവർക്ക് മുന്നിലേക്ക് വന്നിറങ്ങി. ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദിന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ജനറൽ പ്രാക്ടീഷണറായാണ് തുടക്കം.
നാടിനു മികച്ച സേവനം നൽകുന്ന ഡോക്‌ടറെ സർക്കാർ ഉന്നതപഠനത്തിനായി ഇംഗ്ലണ്ടിൽ അയച്ചു. മലേറിയ ഉൾപ്പെടെയുള്ള രോഗാവസ്ഥകളെ കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. അതുകഴിഞ്ഞ്, ഹാർവാർഡിലെ വിദഗ്ധ പഠനം. ഭരണാധികാരികളുടെ അൽ നഹ്യാൻ കുടുംബത്തിന്റെ ഡോക്ടർ ആയിരുന്നു അദ്ദേഹം.
“ഭാവി എന്താകുമെന്ന് നോക്കാതെ കഷ്ടതകൾ അവഗണിച്ചാണ് യുഎഇയിലെത്തിയ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. റോഡ്, വൈദ്യതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകൾ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ തിരിച്ചറിയപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട്,” എന്ന് ഡോക്ടർ ജോർജ്.
അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ (1972), ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് (2001) തുടങ്ങിയ ചുമതലകൾ വഹിച്ച അദ്ദേഹം ഇപ്പോഴും സേവനരംഗത്ത് കർമ്മനിരതനാണ്.
നാടിനുവേണ്ടി പ്രവർത്തിച്ചവരെ അനുസ്‌മരിക്കാൻ പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഡോക്ടറുടെ പേരിട്ടത്.