'ഹമാസ് ബന്ധമുള്ള നൂറുകണക്കിന് എക്സ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു': സിഇഒ ലിൻഡ യക്കാരിനോ

Oct 14, 2023 - 03:56
 0
'ഹമാസ് ബന്ധമുള്ള നൂറുകണക്കിന് എക്സ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു': സിഇഒ ലിൻഡ യക്കാരിനോ

പലസ്തീന്‍ സംഘടനയായ ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിന്ന് നീക്കം ചെയ്തു. സിഇഒ ലിന്‍ഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓണ്‍ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട യുറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രട്ടണ്‍ എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ എക്‌സില്‍ നിന്നും നീക്കം ചെയ്തത്.

നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് വരികയാണെന്ന് സിഇഒ ലിന്‍ഡ യക്കാരിനോയും വ്യക്തമാക്കി. ” സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അവയെല്ലാം തന്നെ നീക്കം ചെയ്തു,” ലിന്‍ഡ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വ്യാജവും കൃത്രിമവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയ നിരവധി അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്നും ലിന്‍ഡ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സര്‍വ്വീസ് ആക്ട് പാസാക്കിയത്. ഇതുപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളെ കര്‍ശനമായി നിരീക്ഷിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ” തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ല. അത്തരം അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കം ചെയ്യും,” എന്നും ലിന്‍ഡ യക്കാരിനോ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിലും അവ നിയന്ത്രിക്കുന്നതിലും ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്‌സ് എന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിലയിരുത്തല്‍.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇക്കഴിഞ്ഞയിടയ്ക്കാണ് എക്‌സ് എന്ന് പേര് മാറ്റിയത്ക ഴിഞ്ഞ ശനിയാഴ്ചയാണ് പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് ഇരച്ചെത്തിയെത്തിയത്. ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവില്‍ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൈവശമുള്ള ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ആക്രമണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്.

പലസ്തീന്‍ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇസ്രയേലി ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റിനു നേരെയും ചാരസംഘടനയായ മൊസാദിനും നേരേയും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.