മതപീഡനത്തിനു ഇരയാകുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിനായി പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് ഇറ്റലി

Jan 13, 2023 - 17:03
Nov 10, 2023 - 20:30
 0

ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി.  ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ റോമിലെ ആസ്ഥാനത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്ത് അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അവരെ സംരക്ഷിക്കുന്നതും, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതും ശരിയാണെന്നു വിശ്വസിക്കുകയാണെന്നും മാൾട്ട ആസ്ഥാനത്തെത്തിയ തജാനി പറഞ്ഞു. നീണ്ട മൂന്ന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള മത-വിശ്വാസ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നത് ഈ അടുത്ത കാലത്താണ്.

മുതിര്‍ന്ന നയതന്ത്രജ്ഞനും, അമേരിക്കയിലെ ബെല്‍ജിയന്‍ അംബാസഡറുമായി സേവനം ചെയ്യുകയും ചെയ്തിട്ടുള്ള ഫ്രാന്‍സ് വാന്‍ ഡെയ്ലിനേയാണ് മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുവാനുള്ള പ്രത്യേക പ്രതിനിധിയായി യൂറോപ്യന്‍ കമ്മീഷന്‍ നിയമിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തങ്ങളുടെ ആസ്ഥാനത്തെത്തിയ തജാനിയെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ വിദേശകാര്യ സെക്രട്ടറി ജനറലും, ഇറ്റാലിയന്‍ റിപ്പബ്ലിക്കിലെ അംബാസഡറുമായ സ്റ്റെഫാനോ റോങ്കായും, ഗ്രാന്‍ഡ്‌ ചാന്‍സലര്‍ റിക്കാര്‍ഡോ പാറ്റേര്‍ണോയും ചേര്‍ന്നാണ് സ്വീകരിച്ചത്. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ലെഫ്റ്റനന്റ് ഓഫ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഫ്രാ ജോണ്‍ ടി. ഡുണ്‍ലപും എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിനായി പ്രത്യേക സര്‍ക്കാര്‍ വിഭാഗം തന്നെ രൂപീകരിച്ച രാജ്യമാണ് യൂറോപ്യന്‍ രാജ്യമായ ഹംഗറി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0