കർണാടകയിൽ മതപരിവർത്തനത്തിനെതിരായ നിയമം ഉടനെന്ന് മുഖ്യമന്ത്രി

കർണാടകത്തിൽ മതപരിവർത്തനത്തിനെതിരായ നിയമ നിർമാണം ഉടനെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മതപരിവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ജനജാഗൃതി സമിതി കൺവീനർ മോഹനഗൗഡ, ശ്രീരാമസേന തലവൻ

Nov 15, 2021 - 18:02
 0
കർണാടകയിൽ മതപരിവർത്തനത്തിനെതിരായ നിയമം ഉടനെന്ന് മുഖ്യമന്ത്രി

കർണാടകത്തിൽ മതപരിവർത്തനത്തിനെതിരായ നിയമ നിർമാണം ഉടനെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മതപരിവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ജനജാഗൃതി സമിതി കൺവീനർ മോഹനഗൗഡ, ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങീ വിവിധ ഹിന്ദു വിഭാഗങ്ങളിൽപെട്ട അമ്പതോളം മഠാധിപന്മാർ നിയമം ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് അദ്ദേഹം സർക്കാർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്. മതപരിവർത്തനം തടയാൻ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിയമങ്ങളെപ്പറ്റി സർക്കാർ പഠിച്ചുവരികയാണെന്നും നിയമത്തിന് താമസിയാതെ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


പ്രലോഭിപ്പിച്ചും നിർബന്ധിച്ചുമുള്ള മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതം മാറുന്നവർക്ക് പട്ടിക വിഭാഗ, മറ്റു പിന്നോക്ക വിഭാഗക്കാർക്കുള്ള ആനുകൂല്യം നിഷേധിക്കണമെന്നും സന്യാസിമാർ ആവശ്യപ്പെട്ടു.മതപരിവർത്തന നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ ക്രൈസ്തവ സഭകൾ പ്രതിഷേധമുയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


മതപരിവർത്തന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരേയും ക്രൈസ്തവ മത സ്ഥാപനങ്ങളുടെയും പുരോഹിതരുടെയും കണക്കെടുക്കാനുള്ള സർക്കാർ തീരുമാനത്തിലും അടുത്തിടെ ബെംഗളൂരു അതിരൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഹൈക്കോടതിയിൽ ഇതിനെതിരെ ഹർജി നിലവിലുള്ളതിനാൽ സർവ്വേ നടപടികൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. അതെ സമയം ഓൾ കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് (AKUCFHR) ആഭിമുഖ്യത്തിൽ കർണാടക സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന നിർദിഷ്ട മതപരിവർത്തന വിരുദ്ധ ബില്ലിനെതിരെ നിശബ്ദ പ്രതിഷേധ റാലി നവംബർ 19 ന് ബെംഗളുരുവിൽ സംഘടിപ്പിക്കുന്നു.


ബാംഗ്ലൂരിലെ വിട്ടൽ മല്യ റോഡിലുള്ള സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 3നാണ് നിശബ്ദമായി പ്രതിഷേധിക്കുന്നത്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എല്ലാ ക്രൈസ്തവ സഭകളിലെയും വിശ്വാസികളും ശുശ്രൂഷകരും വലിയ തോതിൽ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.