മതപരിവർത്തനം നടത്തിയെന്ന് ആരോപണം; മധ്യപ്രദേശിലെ സിബിഎസ്ഇ സ്കൂളിൽ പരീക്ഷയ്ക്കിടെ ആക്രമണം

മതപരിവർത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച് മധ്യപ്രദേശിലെ സാഗർ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സിബിഎസ്ഇ സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ

Dec 8, 2021 - 20:34
Dec 8, 2021 - 23:58
 0

ന്യൂഡൽഹി ∙ മതപരിവർത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച് മധ്യപ്രദേശിലെ സാഗർ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സിബിഎസ്ഇ സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ ബ്രദർ ആന്റണി. മതപരിവർത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്കൂളിലെ വിദ്യാർഥികളല്ല. സ്കൂളിന്റെ പേരിൽ പ്രചരിച്ച കത്ത് വ്യാജമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളെ മതംമാറ്റുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായെത്തിയ ബജ്റങ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്കൂളിന്റെ ഗേറ്റ് തകർത്ത് അകത്തു കടന്ന് ആക്രമണം നടത്തിയിരുന്നു. കല്ലേറിൽ സ്കൂൾ ജനാലച്ചില്ലുകൾ തകർന്നു. വാഹനങ്ങളും തകർത്തു. \

12–ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ നടക്കുന്ന സമയത്താണ് അതിക്രമം നടത്തിയത് സിറോ മലബാർ സഭയുടെ സാഗർ രൂപതയുടെ കീഴിൽ മലബാർ മിഷനറി ബ്രദേഴ്സാണു സെന്റ് ജോസഫ് സ്കൂൾ നടത്തുന്നത്. ഇവിടെ നിന്നു 2 കിലോമീറ്റർ അകലെയുള്ള ഗഞ്ച് ബസോഡ സെന്റ് ജോസഫ് പള്ളിയിൽ ഒക്ടോബർ 31നു കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടന്നിരുന്നു. ഇതിന്റെ ചിത്രം രൂപതയുടെ മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു.

ഈ ചിത്രം ഉപയോഗിച്ച്, വിദ്യാർഥികളെ മതംമാറ്റുന്നുവെന്ന തരത്തിൽ ഒരു പ്രാദേശിക യുട്യൂബ് ചാനലിൽ വാർത്ത വന്നതായി സാഗർ രൂപതാധികൃതർ വ്യക്തമാക്കി. തുടർന്നാണു ബജ്റങ്ദൾ പ്രതിഷേധവുമായി എത്തിയത്. ഉച്ചയ്ക്കു സ്കൂളിൽ അതിക്രമിച്ചു കയറിയ നൂറോളം പേരെ പൊലീസെത്തിയാണു നീക്കം ചെയ്തത്.

സ്കൂളിനു സമീപമുള്ള എസ്എച്ച് സന്യാസസമൂഹത്തിന്റെ ഭാരത് മാതാ സ്കൂളിനു മുന്നിലും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. വൈകിട്ട് സ്കൂൾ സന്ദർശിച്ച കലക്ടറും എസ്പിയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി സ്കൂൾ അധികൃതർ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0