PM Modi US Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി; ഊഷ്മള വരവേൽപ്പ്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ദക്ഷിണ കൊറിയയിലെ യൂൻ സുക് യോളിനും ശേഷം പ്രസിഡന്റ് ബൈഡൻ സ്റ്റേറ്റ് വിസിറ്റിനും അത്താഴത്തിനും ക്ഷണിച്ച മൂന്നാമത്തെ ലോക നേതാവാണ് പ്രധാനമന്ത്രി മോദി
നാല് ദിവസത്തെ സ്റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേൽപ്പ്. ന്യൂയോർക്ക് വിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണമൊരുക്കി. ഇന്ന് യുഎൻ ആസ്ഥാനത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. നാളെ മോദിക്ക് വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം നൽകും. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജില്‍ ബൈഡന്റെയും ക്ഷണം സ്വീകരിച്ചാണ് മോദി യുഎസിലെത്തിയത്.
22ന് ബൈഡനും ജില്‍ ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യു എസ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോദി പ്രസംഗിക്കും. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അദ്ദേഹം ഇന്ത്യന്‍വംശജരെ കാണും. ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമേ ഈ ചടങ്ങില്‍ പ്രവേശനമുള്ളൂ.
”ന്യൂയോർക്ക് സിറ്റിയിൽ വിമാനമിറങ്ങി. നാളെ ജൂൺ 21-ന്വിവിധ നേതാക്കളുമായുള്ള ആശയവിനിമയത്തിനും യോഗ ദിന പരിപാടിയും ഉൾപ്പെടെയുള്ള പരിപാടികൾക്കായി കാത്തിരിക്കുന്നു,” വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. വിമാനത്താവളത്തിൽ, തന്നെ സ്വീകരിക്കാൻ തടിച്ചുകൂടിയ ഇന്ത്യൻ സംഘത്തെ അദ്ദേഹം ഹസ്തദാനം ചെയ്തു.
നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, സംരംഭകർ, അക്കാദമിക് വിദഗ്ധർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ തുടങ്ങി 24 ഓളം പേരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിക്ഷേപം പ്രതീക്ഷിക്കുന്ന ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക്, എഴുത്തുകാരൻ ജെഫ് സ്മിത്ത്, മൈക്കൽ ഫ്രോമാൻ, ഉപന്യാസകാരനും സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രൊഫസർ നാസിം നിക്കോളാസ് തലേബ് എന്നിവരുമായി ഇതിനോടകം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
യുഎസ് സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ദക്ഷിണ കൊറിയയിലെ യൂൻ സുക് യോളിനും ശേഷം പ്രസിഡന്റ് ബൈഡൻ സ്റ്റേറ്റ് വിസിറ്റിനും അത്താഴത്തിനും ക്ഷണിച്ച മൂന്നാമത്തെ ലോക നേതാവാണ് പ്രധാനമന്ത്രി മോദി. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സന്ദർശനം ഊന്നൽ നൽകും.