'സമൂഹത്തിലെ അക്രമങ്ങൾ വേദനിപ്പിക്കുന്നത്'; CBCI ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി
Prime Minister Narendra Modi attends Christmas celebrations at the Catholic Bishops Conference of India (CBCI)
ഡല്‍ഹിയിലെ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (Catholic Bishops Conference of India -CBCI -സിബിസിഐ) ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ തനിക്ക് വേദനയുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്‌നേഹവും ഐക്യവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശമെന്നും അത് ശക്തിപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 205 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു
ജനങ്ങളുടെ താല്‍പ്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താല്‍പ്പര്യവും രാജ്യത്തിന്റെ താല്‍പര്യവും പരിഗണിക്കുന്ന വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ’’ കോവിഡ് മഹാമാരികാലത്ത് ദരിദ്ര രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ മുന്നോട്ട് വന്നു. 150ലധികം രാജ്യങ്ങള്‍ മരുന്നുകളെത്തിക്കുകയും ചെയ്തു,‘മോദി പറഞ്ഞു.
യുദ്ധം കലുഷിതമായ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതമായി രാജ്യത്തേക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പൗരന്‍മാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
’’ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യയിലെ നഴ്‌സുമാരെ തിരികെയെത്തിക്കാന്‍ നമുക്ക് സാധിച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടന്ന ഫാദര്‍ അലക്‌സിസ് പ്രേം കുമാറിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. എട്ട് മാസത്തോളമാണ് അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞത്,’’ മോദി പറഞ്ഞു.
‘‘പരസ്പരം ഭാരം വഹിച്ച് മുന്നോട്ട് പോകണമെന്നാണ് ബൈബിള്‍ വചനം. നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും ഈ തത്വം പ്രാവര്‍ത്തികമാക്കുന്നു. ദയയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും വഴികാട്ടിയാണ് യേശുക്രിസ്തു. എല്ലാവരുടെയും വികസനത്തിനും പുരോഗതിയ്ക്കും വേണ്ടിയാണ് നമ്മുടെ രാജ്യം പ്രവര്‍ത്തിക്കുന്നത്,’’ മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ദിനാള്‍ പദവിയിലെത്തിയ മാര്‍ ജോര്‍ജ് കൂവക്കാടിനെയും മോദി അഭിനന്ദിച്ചു. സിബിസിഐ സ്ഥാപിച്ചതിന്റെ 80-ാം വാര്‍ഷികത്തിലെ ക്രിസ്മസ് ആഘോഷത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ ജി-7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനുള്ള അവസരം ലഭിച്ചെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ആഘോഷങ്ങള്‍ക്കിടെ നിരവധി ക്രൈസ്തവ നേതാക്കളുമായും അദ്ദേഹം സംവദിച്ചു. ഇതാദ്യമായാണ് സിബിസിഐ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. 1944ലാണ് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് നടത്തിയ ക്രിസ്മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. അന്ന് നിരവധി ക്രൈസ്തവ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.