പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍; NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും

Mar 15, 2024 - 10:43
Mar 15, 2024 - 10:44
 0
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍; NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍. NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തുടക്കം കുറിക്കും. പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ NDA സ്ഥാനാർഥി. നേരത്തെ, മാര്‍ച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും എത്തുമെന്നാണ് അറിയിച്ചിരുന്നത്.

പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരും എന്നറിയിച്ചിരുന്നെങ്കിലും വൈകും എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമാകും ജില്ലയിൽ എത്തുക.

ശബരിമല എടത്താവളം, പ്രമാടം ഇൻഡോർ സ്റ്റേഡിയം, കാത്തലിക് കോളേജ് ഗ്രൗണ്ട് എന്നീ മൂന്ന് ലാൻഡിംഗ് പോയിന്റുകളിൽ ഒരിടത്ത് ലാൻഡിംഗ് പോയിന്റ് ഉണ്ടാവുമെന്ന് അധികൃതർ ആലോചിക്കുന്നു. ക്രമീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി   സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്യോഗസ്ഥർ പകൽസമയത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ചു. ആഭ്യന്തര മന്ത്രാലയവും പോലീസ് സേനയും സംയുക്തമായി ഒരുക്കങ്ങൾ വിലയിരുത്താറുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേരള ഇൻചാർജ് പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ. സൂരജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തെ സ്വീകരിക്കും. എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളായ വി. മുരളീധരൻ (ആറ്റിങ്ങൽ), അനിൽ കെ. ആൻ്റണി (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര), പത്മജ വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.