അടങ്ങാത്ത സ്നേഹത്തിന്‍റെ അതിശയഗാനങ്ങളിലൂടെ പി.വി. തൊമ്മി ഉപദേശി
പി.വി. തൊമ്മി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 101 വര്‍ഷം പിന്നിടുന്നു ടോണി ഡി. ചെവ്വൂക്കാരന്‍ കൈരളിയുടെ ക്രൈസ്തവ സംഗീതചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്തതാണ് കുന്ദംകുളവും സമീപപ്രദേശങ്ങളും
കേരള ക്രൈസ്തവ സംഗീതചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്തതാണ് കുന്ദംകുളവും സമീപപ്രദേശങ്ങളും. കേരള മണ്ണിനെ കര്‍മവേദിയാക്കിയ ക്രൈസ്തവഭക്തന്മാരിലൂടെ അനശ്വരങ്ങളായ നൂറുകണക്കിനു ഗാനങ്ങള്‍ ജന്മംകൊണ്ട ആ ഗാനങ്ങള്‍, കാലങ്ങളെയും തലമുറകളെയും അതിജീവിച്ച് ഇന്ന് മനുഷ്യമനസ്സുകളില്‍ ആത്മീയസന്തോഷത്തിന്‍റെ നറുമണവും പ്രത്യാശയും ആശ്വാസവും പകര്‍ന്നുകൊണ്ടിരിക്കുന്നു.
കുന്ദംകുളത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ചുരുങ്ങിയ കാലംകൊണ്ട് ജനഹൃദയങ്ങളെ ഏറെ സ്വാധീനിച്ച് 150 ല്‍ പരം ഗാനങ്ങള്‍ രചിച്ച പി.വി. തൊമ്മി ഉപദേശി നമ്മെ വിട്ടുപിരിഞ്ഞിട്ട് 101 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1881 ല്‍ കുന്ദംകുളം അങ്ങാടിയില്‍ ഓലപ്പുരയില്‍ താമസിച്ച തൊമ്മി ഉപദേശി ജീവിതത്തിന്‍റെ ഏത് ഇടുങ്ങിയ സാഹചര്യങ്ങളിലും സുവിശേഷദര്‍ശനം നെഞ്ചിലേറ്റി ഓടിനടന്ന് പ്രവര്‍ത്തിച്ചു.
തൊമ്മി ഉപദേശിയുടെ ഗാനങ്ങള്‍, എത്ര പാടിയാലും പുതുമ നഷ്ടപ്പെടാത്ത, ദൈവസ്നേഹം നീര്‍ച്ചാലുകളായി ജനഹൃദയങ്ങളില്‍ പരന്നൊഴുകുന്ന, തലമുറകളില്‍നിന്നും തലമുറകളിലേക്കു കൈമാറിയിട്ടും ആത്മീയചൈതന്യം ഒട്ടും കുറഞ്ഞുപോകാതെ നിലനില്‍ക്കുന്നു എന്നത് വാസ്തവമാണ്. ആ പ്രതിഭാധനന്‍റെ ഗാനസഞ്ചയത്തില്‍ ചിലതാണ്, “എന്തതിശയമേ ദൈവത്തിന്‍ സ്നേഹം; എന്നോടുള്ള നിന്‍ സര്‍വനന്മകള്‍ക്കായ്; വന്ദനം യേശുപരാ; ഇന്നുപകല്‍ മുഴുവന്‍; നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ; ഹാ… എത്ര ഭാഗ്യം” എന്നു തുടങ്ങിയ ഗാനങ്ങള്‍.
മികച്ച പ്രഭാഷകന്‍, പത്രാധിപര്‍, ലേഖകന്‍, തമിഴ് പണ്ഡിതന്‍, അനുഗ്രഹീത കവി എന്നിങ്ങനെ വിവിധ നിലകളില്‍ അദ്ദേഹം ക്രിസ്തുവിനുവേണ്ടി പ്രയോജനപ്പെട്ടു.
കഷ്ടതയും പട്ടിണിയും ഒട്ടേറെ അനുഭവിക്കേണ്ടിവന്നിട്ടുള്ള തൊമ്മി ഉപദേശി ജീവിതത്തിന്‍റെ പ്രതികൂല വേളകളില്‍ തളര്‍ന്നുപോകാതെ ക്രൈസ്തവസന്ദേശത്തിന്‍റെ ദൂതുവാഹകനായും ആതുരസേവകനായും പ്രവര്‍ത്തിച്ചു. വസൂരി, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരണത്തോട്ടു മല്ലടിച്ചുകിടന്ന അനേകര്‍ക്കു വൈദ്യസഹായം നല്‍കാനും അവരെ ശുശ്രൂഷിക്കുന്നതിനും തൊമ്മി ഉപദേശി മുന്നിട്ടിറങ്ങി. സ്വന്തം ജീവിതത്തിന്‍റെ പ്രാരാബ്ധങ്ങള്‍ക്കു മുമ്പിലും അശരണര്‍ക്ക് അത്താണിയായി താന്‍ പ്രവര്‍ത്തിച്ചു.
ചെങ്കല്ലുകൊണ്ടുള്ള ഭിത്തിയും മുളകൊണ്ടുള്ള മേല്‍പുരയും ഓലമേഞ്ഞതുമായ കൊച്ചുഭവനത്തിന്‍റെ തട്ടിന്‍മുകളില്‍ പ്രാര്‍ഥനയ്ക്കായി സമയങ്ങള്‍ താന്‍ ചെലവിട്ട് ജീവിതത്തിന്‍റെ ഏകാന്തവേളകളില്‍ ദൈവാത്മാവ് ഹൃദയത്തില്‍ നല്‍കിയ ചിന്തകള്‍ മനോഹരമായ ഗാനങ്ങളായി പിറന്നുവീണു.
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം… എന്നു തുടങ്ങുന്ന ഗാനം അക്രൈസ്തവര്‍പോലും ഏറ്റുപാടുന്ന ഗാനമാണ്. നമ്മുടെ ആത്മീയ കൂട്ടായ്മകളില്‍ ദൈവാത്മാവിന്‍റെ പ്രവാഹമായി മാറുന്ന ഈ ഗാനം ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗാനമാണ്.
ഉപജീവനത്തിനായി അധ്യാപകജോലി ചെയ്തുവന്ന തൊമ്മി ഉപദേശി സുവിശേഷത്തിന്‍റെ വ്യാപനത്തിനുവേണ്ടി ജോലി രാജിവെച്ചു. ഗാനരചനയോടൊപ്പം സാഹിത്യപ്രവര്‍ത്തനങ്ങളിലും താന്‍ സജീവമായി പ്രവര്‍ത്തിച്ചു. സുവിശേഷ വെണ്‍മഴു എന്ന മാസികയുടെ പത്രാധിപരായിരുന്നു പി.വി. തൊമ്മി.
ദൈവസ്നേഹം ജീവിതത്തിലൂടെ പകര്‍ന്നുനല്‍കിയ അദ്ദേഹം ആ ദിവ്യസ്നേഹത്തെ പ്രതിപാദിക്കുന്ന ഗാനങ്ങളും നിരവധി ലേഖനങ്ങളും രചിച്ചു. വെണ്‍മഴു എന്ന മാസികയിലൂടെ തന്‍റെ രചനകള്‍ വെളിച്ചംകണ്ടു. 1905 ല്‍ വിശുദ്ധഗീതങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ തൊമ്മി ഉപദേശിയുടെ മിക്ക ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1919 ല്‍ കോളറബാധിതരെ ശുശ്രൂഷിക്കാന്‍ ഓടിനടന്ന തൊമ്മി ഉപദേശിയും രോഗബാധിതനായി. കോളറബാധിച്ച് മരണത്തിലേക്ക് നടന്നടുത്തിട്ടും വിശ്വാസത്തിലും പ്രത്യാശയിലും താന്‍ ഉറച്ചുനിന്നു. പ്രേക്ഷിതപ്രവര്‍ത്തനങ്ങളുടെ ദീപശിഖയുമായി നാടുനീളെ സഞ്ചരിച്ച ഈ മനുഷ്യസ്നേഹി ആത്മാര്‍ഥമായ സേവനത്തിന്‍റെ പ്രതീകമായിരുന്നു. പതിവുപോലെ ഭവനസന്ദര്‍ശനംകഴിഞ്ഞ് മടങ്ങിയെത്തിയ ഈ സുവിശേഷകന്‍ രോഗാസന്നനായി കിടപ്പിലായി. മരണത്തോടടുത്ത വേളയില്‍ തന്‍റെ അടുക്കലേക്കുവന്ന 14 വയസ്സുള്ള തന്‍റെ ഏകമകളോട് അദ്ദേഹം പറഞ്ഞു: “മോളേ, സര്‍ഗത്തില്‍ ഒരപ്പനുണ്ട് കേട്ടോ, ദൈവത്തിന്‍റെ മകളായി ജീവിച്ചുകൊള്ളണം” എന്നുപറഞ്ഞുകൊണ്ട് 1919 ജൂലൈ 10 ന 38-ാം വയസ്സില്‍ ആ ഭക്തകവി താന്‍ പ്രിയംവെച്ച അനശ്വരതീരത്തേക്ക് പറന്നുയര്‍ന്നു. “ഹാ! എത്രഭാഗം ഉണ്ടെനിക്ക് ഓര്‍ക്കിലെന്നുള്ളം തുള്ളിടുന്നു…” ഗാനത്തിന്‍റെ ഈരടികള്‍ പാടിക്കൊണ്ടാണ് താന്‍ അരുമനാഥന്‍റെ അരികിലേക്കു ചിറകടിച്ചുയര്‍ന്നത്.
പി.വി. തൊമ്മിയുടെ മകളുടെ കൊച്ചുമകനാണ് ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ജനറല്‍ സെക്രട്ടറിയും പവര്‍വിഷന്‍ ചാനലിന്‍റെ മാനേജിംഗ് ഡയറക്ടറുമായ റവ. ഡോ. ആര്‍. ഏബ്രഹാം (ന്യൂഡല്‍ഹി). ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്‍റ് പാസ്റ്റര്‍ വി.എ. തമ്പിയുടെ ഭാര്യ മറിയാമ്മ തമ്പി മകളുടെ കൊച്ചുമകളാണ്.