യു.കെ: വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബത്തെ ഇനി മുതൽ കൊണ്ടുപോകാനാകില്ല

May 24, 2023 - 14:47
 0

ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് പഠനത്തിനായി സമീപകാലത്തായി യു.കെയിലേയ്ക്ക് പോയ്കൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യു.കെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെര്‍മനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം. ഇതിനായി മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുകയും പിന്നീട് ആശ്രിത വിസയില്‍ കുടുംബത്തെയും കൊണ്ടുപോയിരുന്നു.

ഭര്‍ത്താവോ ഭാര്യയോ പഠിക്കാനായി യുകെയില്‍ എത്തുകയും അധികം താമസിയാതെ ആശ്രിതവിസയില്‍ കുടുംബത്തെ കൂടി കൊണ്ടുപോകുകയും ചെയ്യുക എന്ന പ്രവണത മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടിവരുകയായിരുന്നു. എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ കുടുംബത്തെ യു.കെയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ ലക്ഷ്യം വെച്ച് യു.കെയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്കും പോകാൻ ഒരുങ്ങുന്നവര്‍ക്കും ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഒരു നിയമം വരുന്നതോടെ മലയാളി വിദ്യാർത്ഥികളുടെ യു.കെയിലേക്കുള്ള ഒഴുക്ക് പൂർണ്ണമായി തന്നെ നിലയ്ക്കുന്ന സ്ഥിതിയാണ് വരാൻ പോകുന്നത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി ഋഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പി എച്ച് ഡി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കില്ല എന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0