എന്ന് തീരും ഈ ക്രൂരത..! 15 മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് ആറായിരത്തിലധികം ക്രൈസ്തവര്‍

Apr 22, 2022 - 19:47
 0

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വംശഹത്യ അതിഭീകരമായി വര്‍ദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 15 മാസക്കാലയളവില്‍ 6006 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’യുടെ (ഇന്റര്‍സൊസൈറ്റി) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള 3 മാസക്കാലയളവില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമും, ഫുലാനികളും ചേര്‍ന്ന് 915 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. നൈജീരിയന്‍ ക്രൈസ്തവരേയും, ദേവാലയങ്ങളേയും സംബന്ധിച്ച് കഴിഞ്ഞവര്‍ഷം ഏറ്റവും ദുരിതം നിറഞ്ഞ വര്‍ഷമായിരുന്നെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 5,191 ക്രൈസ്തവരാണ് കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത്.

കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്ത 25 വൈദികരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 400-നും 420-നും ഇടക്ക് ദേവാലയങ്ങളും, ക്രൈസ്തവ കേന്ദ്രങ്ങളുമാണ് കഴിഞ്ഞ വര്‍ഷം തകര്‍ക്കപ്പെട്ടിരിക്കുന്നത്. 3,800-ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരിക്കും സെപ്റ്റംബറിനുമിടയില്‍ 4400 ക്രൈസ്തവര്‍ കൊല്ലപ്പെട്ടപ്പോള്‍, ഒക്ടോബറിനും ഡിസംബറിനുമിടയില്‍ കൊല്ലപ്പെട്ടത് എഴുന്നൂറോളം പേരാണ്. ഫുലാനികള്‍ കൊലപ്പെടുത്തിയ 231 പേരും, ബൊക്കോഹറാം കൊലപ്പെടുത്തിയ 70 പേരും ഇതില്‍ ഉള്‍പ്പെടുന്നു. നാനൂറോളം സാധാരണക്കാരായ ഇഗ്ബോ ക്രൈസ്തവര്‍ നൈജീരിയന്‍ സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20-ന് നടന്ന കുപ്രസിദ്ധമായ നസാരവാ ടിവ് കൂട്ടക്കൊലയില്‍ മാത്രം അന്‍പതോളം ക്രിസ്ത്യാനികളാണ് കൊലചെയ്യപ്പെട്ടത്.

ലോകത്ത് മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപെടുന്ന രാഷ്ട്രമായി മാറിയിരിക്കുകയാണ് നൈജീരിയയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജര്‍, കടൂണ, ടരാബ, ബെന്യു, പ്ലേറ്റോ, അഡാവാമ, കെബ്ബി, ബോര്‍ണോ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17,500 ക്രിസ്ത്യന്‍ ദേവാലയങ്ങളും, രണ്ടായിരത്തോളം ക്രിസ്ത്യന്‍ സ്കൂളുകളും നൈജീരിയയില്‍ ആക്രമിക്കപ്പെട്ടു. ആറ് ലക്ഷത്തോളം ക്രിസ്ത്യാനികള്‍ തീവ്രവാദി ആക്രമണങ്ങളെ ഭയന്ന്‍ പലായനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2008-ല്‍ സ്ഥാപിതമായ ഇന്റര്‍ സൊസൈറ്റി മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി നിലകൊള്ളുന്ന സംഘടനയാണ്. ഇരകളും, ദൃക്സാക്ഷികളുമായുള്ള നേരിട്ടുള്ള അഭിമുഖങ്ങള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, റിപ്പോര്‍ട്ടുകളുടെ പുനരവലോകനം എന്നിവവഴിയാണ് സംഘടന തങ്ങളുടെ റിപ്പോര്‍ട്ടിനാധാരമായ വിവരങ്ങള്‍ കണ്ടെത്തുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0