Titan Missing Submarine: ടൈറ്റൻ അന്തർവാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി നിഗമനം

Jun 23, 2023 - 17:32
 0

ടൈറ്റൻ അന്തർവാഹിനിയിലെ (Titan submersible) അഞ്ച് യാത്രികരും മരിച്ചതായി റിപ്പോർട്ട്. ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിപ്പോയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ്.

 

പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ്. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നുമാണ് റിപ്പോർട്ട്.  പേടകത്തിലുണ്ടായിരുന്നത് ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ്.

മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്നും കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയത്. ആദ്യം കണ്ടെത്തിയത് ടൈറ്റനിന്റെ പിന്‍ഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ്.  ശേഷമാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമോ എന്നത് പറയാന്‍ കഴിയില്ലെന്നും കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ അറിയിച്ചു.  യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത് കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകമാണ്.  ഇത് പരിശോധിച്ചതില്‍ നിന്നാണ് ഒരു പൊട്ടിത്തെറി നടന്നതായുള്ള അനുമാനത്തില്‍ വിദഗദ്ധര്‍ എത്തിയിരിക്കുന്നത്.  ടൈറ്റന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ROV പരിശോധന നടത്തുന്നത് തുടരുമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0